കൊല്ലം: രാഹുൽ ഗാന്ധിയുടെ ഒരു സൗജന്യവും സി.പി.എമ്മിന് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊല്ലം പ്രസ് ക്ലബിന്റെ ജനവിധി 2019 സംവാദ പരമ്പരയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി സി.പി.എമ്മിനെതിരെ പറയട്ടെ. അപ്പോൾ ഞങ്ങൾക്ക് തിരിച്ചും പറയാനുണ്ട്. സി.പി.എമ്മിനെതിരെ ഒന്നും പറയില്ല എന്നത് അദ്ദേഹത്തിന്റെ പൊതുസമീപനത്തിന്റെ ഭാഗമാണ്. പാർലമെന്റിൽ നരേന്ദ്രമോദി കള്ളനാണെന്ന് പ്രസംഗിച്ച ശേഷം മോദിയെ കെട്ടിപ്പിടിച്ചയാളാണ് രാഹുൽ. ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിയില്ല.
ലീഗ് പതാകയും പാകിസ്‌ഥാൻ പതാകയും ഒന്നാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം വർഗീയ ലക്ഷ്യത്തോടെയാണ്. ഇത് മുസ്ലിം വിരുദ്ധ പ്രചാരണമാണ്. ലീഗിന്റെയും പാകിസ്‌ഥാന്റെയും പതാക ഒന്നല്ല. ഇത് തുറന്ന് പറയാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകുന്നില്ല.
രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും ആർ.എസ്.എസിന്റെ അതേ നയമാണ് കോൺഗ്രസിന്. മത ന്യൂനപക്ഷങ്ങളുടെ രക്ഷ കോൺഗ്രസിന് ഉയർത്തിപിടിക്കാനാകുന്നില്ല.
മുത്തലാഖ് ബില്ലിൽ ഉൾപ്പെടെ ആർ.എസ്.എസുമായി കോൺഗ്രസ് ഒത്തുകളിച്ചു. കോൺഗ്രസിലെ മത ന്യൂനപക്ഷ നേതാക്കളെയാകെ മൂലയ്ക്കിരുത്തുകയാണ്.
ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച് ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. ഇത്തരം നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുകയാണ് കോൺഗ്രസ്.
ബി.ജെ.പിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ അവരെ എതിർക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കേരളത്തിൽ ഒരു സീറ്റിലും എൽ.ഡി.എഫ് ജയിക്കരുതെന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. 2004ൽ യു.പി.എ സർക്കാരുണ്ടാക്കിയത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിനാലല്ല. അന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആയിരുന്നു. ഇടത് പക്ഷം പിന്തുണ നൽകിയാണ് അന്ന് സർക്കാരുണ്ടാക്കിയത്.
കേരളത്തിലെ ഒരു സീറ്റിലും കോൺഗ്രസ് ജയിച്ചില്ലെങ്കിലും ബി.ജെ.പി ഭരണത്തെ പുറത്താക്കാമെന്ന് 2004ലെ തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്. ഇടതുപക്ഷം ജയിച്ചാൽ മാത്രമേ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്താനാകൂ. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ സംസ്ഥാനങ്ങളിൽപ്പോലും സർക്കാരുണ്ടാക്കുന്നത് ബി.ജെ.പിയാണ്. കഴിഞ്ഞ തവണത്തേക്കൾ വോട്ടും സീറ്റും എൽ.ഡി.എഫിന് ഇത്തവണ വർദ്ധിക്കും.
കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിൽ ബി.ജെ.പി കോൺഗ്രസിനെ സഹായിക്കുകയാണ്. തിരുവനന്തപുരം മണ്ഡലത്തിൽ തിരികെ ബി.ജെ.പിയെ സഹായിക്കാനാണ് കോൺഗ്രസ് ധാരണയെന്നും കോടിയേരി പറഞ്ഞു.