ആലുവ: മലയാളിയായ എം.ബി.ബി.എസ് വിദ്യാർത്ഥിനി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു. ആലുവ തായിക്കാട്ടുകര എസ്.എൻ പുരം എസ്.എൻ.ഡി.പി റോഡിൽ ചാത്തൻപറമ്പിൽ വീട്ടിൽ സി.എ. മണിയുടെയും ആലുവ ജില്ലാ ആശുപത്രിയിലെ ഡോ. ഷീബ മണിയുടെയും മകൾ സ്നിഗ്ദ്ധ (21) ആണ് മരിച്ചത്. ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സ്നിഗ്ദ്ധയും സഹപാഠികളും സഞ്ചരിച്ചിരുന്ന കാർ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഗുണ്ടൽപേട്ട് - മൈസൂർ റോഡിൽ ചാമരാജ് നഗറിന് സമീപമായിരുന്നു അപകടം. സ്നിഗ്ദ്ധയെ ഉടൻ മൈസൂർ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൈസൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഡോ. സാന്ദ്ര (എ.ഐ.എം.എസ്) ഏക സഹോദരിയാണ്.