gureshi

കറാച്ചി: പാകിസ്ഥാനെ ഇന്ത്യ ഈ മാസം 16നും 20നും ഇടയിൽ ആക്രമിച്ചേക്കുമെന്ന് വിശ്വസനീയമായ ഇന്റലിജൻസ് വിവരമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. മുൾട്ടാനിൽ പത്രസമ്മേളനത്തിനിടെയാണ് ഖുറേഷി ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പിനെക്കുറിച്ച് പാകിസ്ഥാനുള്ള ആശങ്ക യു.എന്നിന്റെ അഞ്ചംഗ സുരക്ഷാ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഉത്തരവാദിത്വരഹിതമായ പെരുമാറ്റം അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും കർശന താക്കീത് നൽകണമെന്നും ഖുറേഷി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പാകിസ്ഥാന്റെ ഈ ആരോപണം പൂർണമായും തള്ളി.

ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഈ ആക്രമണത്തിൽ ഇന്ത്യയുടെ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ തിരിച്ചടിക്കുകയും ബാലാകോട്ടിലെ ഭീകരരുടെ ഒളിയിടങ്ങൾ തകർക്കുകയും ചെയ്തിരുന്നു.