thej

പാട്ന: ഒളിച്ചുനിന്ന് ഏറ്റുമുട്ടാതെ നേരിട്ടുവരാൻ ബി.ജെ.പിക്ക് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വെല്ലുവിളി. പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് തേജസ്വിയുടെ പ്രതിഷേധം. ഞാൻ സിംഹത്തിന്റെ പുത്രനാണെന്നും ബീഹാറിന്റെ പുത്രനാണെന്നും പറഞ്ഞ തേജസ്വി, നിങ്ങളുടെ കോമാളിത്തരം കണ്ട് താൻ ഭയക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ നേരിട്ട് ഏറ്റുമുട്ടാനുമായിരുന്നു ട്വിറ്ററിലൂടെ ബി.ജെ.പിയെ വെല്ലുവിളിച്ചത്.

റാഞ്ചിയിലെ ആശുപത്രിയിൽ പിതാവിനെ കാണാനായി ദീർഘനേരം താൻ കാത്തുനിന്നുവെന്നും എന്നാൽ, ബി.ജെ.പി സർക്കാർ എന്നെ അതിന് അനുവദിച്ചില്ലെന്നും തോജസ്വി കുറ്റപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ കടുത്ത രോഗബാധയെ തുടർന്ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ലാലു. ഒരു മകന് പിതാവിനെ കാണാനുള്ള നിയമപരമായ അവകാശമുണ്ടായിട്ടും സർക്കാർ അംഗീകരിക്കുന്നില്ല. പൊലീസ് കാവലിൽ കഴിയുമ്പോഴും ഓരോ ദിവസവും അദ്ദേഹത്തിന്റെ മുറിയിൽ പരിശോധനകൾ നടത്തി ബുദ്ധിമുട്ടിക്കുകയാണ്. കടുത്ത ഏകാധിപത്യപരവും മനുഷ്യാവകാശ ലംഘനവുമാണ് ഇത്.