ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിൽനിന്നോ തമിഴ്നാട്ടിൽനിന്നോ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഉത്തരേന്ത്യയിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും മത്സരിച്ച് ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം തെളിയിക്കുന്നതെന്നും തരൂർ പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ സ്ഥാനാർത്ഥിയായതോടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽനിന്നാകുമെന്ന ആത്മവിശ്വാസം ഇവിടുത്തെ ജനങ്ങൾക്കുണ്ടെന്നും തരൂർ പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് ദക്ഷിണേന്ത്യയും കേന്ദ്ര സർക്കാരും തമ്മിൽ അകൽച്ചയുണ്ടായി. സാമ്പത്തിക വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ദക്ഷിണേന്ത്യ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കാണേണ്ടത്. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള പാലമാകാൻ രാഹുലിന് കഴിയും, തരൂർ കൂട്ടിച്ചേർത്തു. ഭൂരിപക്ഷം ഭയന്ന് രാഹുലും കൂട്ടരും ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തെയും തരൂർ വിമർശിച്ചു.