ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന് ആത്മവിശ്വാസമുയർത്തി സി.എസ്.ഡി.എസ്-ലോക്‌നീതി- ദി ഹിന്ദു- തിരംഗ ടിവി - ദെെനിക് ഭാസ്കർ സർവേ. കഴിഞ്ഞ വർഷം നടത്തിയ സർവേയ്ക്ക് ശേഷം എൻ.ഡി.എ സർക്കാരിനോടുള്ള സമീപനം മാറുന്നുവെന്നാണ് വിലയിരുത്തൽ. ആകെ 59 ശതമാനം പേർ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 35 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്.
2018ൽ 51 ശതമാനമായിരുന്നു മോദി സർക്കാരിൽ സംതൃപ്തി അറിയിച്ചിരുന്നത്. അഞ്ച് വർഷത്തെ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണോ അല്ലയോ എന്ന ചോദ്യമാണ് സർവേയിൽ ഉന്നയിച്ചിരുന്നത്.
അടുത്ത ചോദ്യമായി മോദി സർക്കാരിന് രണ്ടാമതൊരു അവസരം കൊടുക്കുമോ എന്നാണ് ചോദിച്ചത്. ഇതിൽ 46 ശതമാനം പേർ എൻ.ഡി.എ സർക്കാരിന് വീണ്ടും അവസരം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേർ എതിർത്തു. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പ്രവർത്തനമാണ് മികച്ചതെന്ന് 27 ശതമാനം പറഞ്ഞപ്പോൾ 38 ശതമാനം മോദി സർക്കാരാണ് മികച്ചതെന്ന് വിലയിരുത്തി.
എന്നാൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം, അഴിമതി, അവശ്യസാധനങ്ങളുടെ വില തുടങ്ങിയവ മോദി സർക്കാരിന്റെ കീഴിൽ വർദ്ധിച്ചതായി സർവേയിൽ പറയുന്നു. അതേസമയം, മതങ്ങൾ തമ്മിലുള്ള ബന്ധം, തൊഴിൽ അവസരങ്ങൾ തുടങ്ങിയവ കുറഞ്ഞതായും വിലയിരുത്തുന്നു. 19 സംസ്ഥാനങ്ങളിലായി മാർച്ച് 24 മുതൽ 31 വരെയാണ് സർവെ നടത്തിയത്.