സ്‌പോർട്‌സ് ബൈക്ക് പ്രേമികളെ ഹരംകൊള്ളിക്കാൻ ഹോണ്ടയുടെ പുത്തൻ മോഡലായ സിബി150 ആർ സ്‌ട്രീറ്റ്‌സ്‌റ്റർ ഇന്ത്യയിലുമെത്തുന്നു. കരുത്തിന്റെയും സ്‌റ്റൈലിന്റെയും പ്രതിരൂപമായി ഹോണ്ട ഒരുക്കിയ, പുതിയ സ്‌ട്രീറ്റ്‌സ്‌റ്റർ കഴിഞ്ഞവാരം തായ്‌ലൻഡ് വിപണിയിൽ ചുവടുവച്ചിരുന്നു. 99,800 ബാത്ത് ആണ് തായ്‌ലൻഡിൽ വില. ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ടുലക്ഷം രൂപ. ഇന്ത്യയിലെത്തുമ്പോൾ പ്രതീക്ഷിക്കുന്ന വില ഒന്നരലക്ഷം രൂപയ്‌ക്കടുത്താണ്.
ആദ്യ കാഴ്‌ചയിൽ തന്നെ ഹൃദയം കവരുന്ന ആകർഷകമായ രൂപകല്‌പനയാണ് സ്‌ട്രീറ്ര്‌സ്‌റ്ററിന്റെ പ്രധാന മികവ്. ഇന്ത്യയിൽ അടുത്തിടെ അവതരിപ്പിച്ച സിബി300 ആർ മോഡലുമായി രൂപകല്‌പനയ്ക്ക് സാമ്യവുമുണ്ട്. പുതിയ പെയിന്റ് സ്‌കീമുകളും ബ്രേക്ക് കാലിപ്പറിൽ പൂശിയ തിളക്കമേറിയ ചുവപ്പ് നിറവും ബൈക്കിന് സ്‌പോർട്ടീ ലുക്ക് നൽകുന്നുണ്ട്. സ്‌റ്രാൻഡേർഡ് എ.ബി.എസ്., കരുത്തുറ്റ എൻജിൻ, ഉയർന്ന ഫീച്ചറുകൾ എന്നിവയാലും സജ്ജമാണ് ഈ പുത്തൻ സിബി150 ആർ. നേക്കഡ് ശൈലിയിലാണ് ബൈക്കിനെ ഹോണ്ട രൂപപ്പെടുത്തിയിരിക്കുന്നത്. വെള്ള, ചുവപ്പ്, കറുപ്പ് നിറഭേദങ്ങളാണുള്ളത്.
രണ്ടുമീറ്ററിനടുത്ത് നീളവും 1.2മീറ്റർ വീൽബെയ്‌സുമുള്ള വലിയൊരു ബൈക്കാണ് സ്‌ട്രീറ്ര്‌സ്‌റ്റർ. 139 എം.എം ഗ്രൗണ്ട് ക്ളിയറൻസ്, നഗരനിരത്തുകളിൽ മികച്ച പ്രയോജനം നൽകും. 125 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. എൽ.ഇ.ഡി പെരുമയുള്ള ഹെഡ്‌ലൈറ്രും ടെയ്‌ൽലൈറ്റും, സമ്പൂർണ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, യു.എസ്.ഡി ഫ്രണ്ട് ഫോർക്ക്, 17 ഇഞ്ച് ടയറുകളിൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും ബൈക്കിൽ കാണാം. യൂറോ-6 അധിഷ്‌ഠിതമായ, ലിക്വിഡ് കൂളായ 149 സി.സി എൻജിനാണുള്ളത്. 20 എച്ച്.പി കരുത്തും 15 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. ഗിയറുകൾ ആറ്. ടോപ് സ്‌പീഡ് 125 കിലോമീറ്ററാണ്. ലിറ്ററിന് 50 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം. ഇന്ധനടാങ്കിൽ എട്ടര ലിറ്റർ പെട്രോൾ ഉൾക്കൊള്ളും.