ആലപ്പുഴ: വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന സർവ്വീസ് സെന്ററിൽ മോട്ടോർ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. ആലപ്പുഴ നരസഭയിലെ എ.എൻ പുരം വാർഡിൽ തിരുവമ്പാടി വിളഞ്ഞൂർ ക്ഷേത്രത്തിന് തെക്ക് ചിറ്റാച്ചിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മക്കളായ അനിൽ (51), അനുജൻ മനോജ് (44) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
തിരുവമ്പാടി പുറ്റമ്പലം ക്ഷേത്രത്തിലെ പറ എഴുന്നള്ളത്തിനൊപ്പം വന്നവരാണ് വാഹനം കഴുകുന്നിടത്ത് സഹോദരങ്ങളെ അബോധാവസ്ഥയിൽ കണ്ടത്. ഈ സമയവും മോട്ടോർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവർ വീട്ടിൽക്കയറി മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം ഇരുവരെയും സമീപത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മനോജ് സംഭവ സ്ഥലത്തും അനിൽ ആശുപത്രിയിൽ എത്തിയശേഷവുമാണ് മരിച്ചത്. രോഗം മൂലം എഴുന്നേൽക്കാൻ കഴിയാത്ത അമ്മ ആനന്ദവല്ലി അമ്മൾ (80) മാത്രമാണ് വീട്ടിലുള്ളത്.
അനിലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മനോജിനും വൈദ്യുതഘാതമേറ്റതെന്ന് സംശയിക്കുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ റെപ്പായി ജോലി ചെയ്യുന്ന മനോജ് ഞായറാഴ്ചകളിൽ മാത്രമേ ആലപ്പുഴയിലെ വീട്ടിൽ എത്താറുള്ളു. സൗത്ത് പൊലീസ് മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.