anupama-ias

തൃശൂർ: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ചതിനെ തുടർന്ന് എൻ.ഡി.എ സ്ഥാനർത്ഥി സുരേഷ് ഗോപിക്ക് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ രംഗത്ത്. അനുപമയുടെ ഫേസ്ബുക്കിൽ ശരണം വിളിയുമായാണ് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കളക്ടറെ ആക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് ഫേസ്ബുക്കിൽ നിറയുന്നത്.

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി, അയ്യപ്പന്റെ പേരുപറഞ്ഞ് വോട്ട് ചോദിച്ചതിനാണ് സുരേഷ് ഗോപിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസ് നൽകിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കഴിഞ്ഞ വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തെ എൻ.ഡി.എ കൺവെൻഷനിൽ സുരേഷ് ഗോപി പ്രസംഗിച്ചതെന്നാണ് നോട്ടീസിൽ പറയുന്നത്.

ഇതിനെതിരെ കളക്ടറെ വിമർശിച്ച് കൊണ്ട് ബി.ജെ.പി ​പ്രവർത്തകർ രംഗത്ത് വരുകയായിരുന്നു. ഈ വിഷയത്തിൽ ചട്ടലംഘനം ഉണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ കളക്ടറുടെ പ്രവർത്തിയെ മോശമായ കമെന്റുകളിലൂടെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതികരിക്കുന്നത്. അനുപമയുടെ യഥാർഥ പേര് അനുപമ ക്ലിൻസണ്‍ ജോസഫ് ആണെന്ന് പറഞ്ഞ് നിരവധി ആളുകൾ രംഗത്തെത്തിയുന്നു. അനുപമയെ അനുകൂലിച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തി.