ആലപ്പുഴ: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. ആലപ്പുഴ എ.എൻ.പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപം ചിറ്റാട്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മക്കളായ മനോജ് ബാലകൃഷ്ണൻ (44), അനിൽ ബാലകൃഷ്ണൻ (51) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ പറയെടുപ്പിനായി പോയ ക്ഷേത്രം ഭാരവാഹികളാണ്
ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ വീടിനോട് ചേർന്ന് ഇരുചക്രവാഹനങ്ങളുടെ സർവീസ് സെന്റർ നടത്തുന്നുണ്ട്. ഇവിടെവച്ച് വീട്ടിലെ കാർ കഴുകുന്നിടെയായിരുന്നു അപകടം. കാറിന്റെ മറവിലായി വീണു കിടക്കുകയായിരുന്നു ഇരുവരും. ഉടനെ തന്നെ ലൈൻമാനെ അറിയിച്ച് വൈദ്യതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മോട്ടോറിന്റെ കംപ്രസറിൽ നിന്നാമ് ഷോക്കേറ്റത്. കൊല്ലത്ത് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി പ്രവർത്തിക്കുകയായിരുന്നു മനോജ് ബാലകൃഷ്ണൻ. അവധിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. അവിവാഹിതനാണ് മനോജ്. അനിൽകുമാറിന്റെ ഭാര്യ മിനി. മക്കൾ: അശ്വതി,അർജുൻ. അമ്മ: ആനന്ദവല്ലി. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.