തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമയുടെ ഫേസ് ബുക്ക് പേജിൽ ആക്ഷേപങ്ങൾ നിറഞ്ഞു. 'സ്വാമി ശരണം' എന്ന് നിരവധി തവണ ആവർത്തിച്ചുളള കമന്റുകളും കളക്ടറുടെ പേജിലെ നിരവധി പോസ്റ്റുകളിലുണ്ട്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും കളക്ടറെ കുറ്റപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് ഏറെയും. ടി.വി അനുപമയുടെ യഥാർത്ഥ പേര് അനുപമ ക്ളിൻസൻ ജോസഫ് എന്നാണെന്നും അതിനാലാണ് ഈ നടപടിയെന്നും ചിലർ ആക്ഷേപിക്കുന്നുണ്ട്. അയ്യപ്പന്റെയും ശബരിമലയുടെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടിയാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ടി.വി. അനുപമ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്.
സംഭവത്തിൽ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. തുടർന്ന് കളക്ടർക്കെതിരെ വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ ടി.വി അനുപമയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ നിരന്തരം ഉയർന്നിരുന്നു. വനിതാ മതിലിൽ കളക്ടർ പങ്കെടുക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അനുകൂലിക്കുന്ന കമന്റുകളും കൂട്ടത്തിലുണ്ട്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമാകുന്നുണ്ട്...