india-

ന്യൂഡൽഹി : പാകിസ്ഥാനെ ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമിക്കുമെന്ന പാക് വിദേശകാര്യമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ യുദ്ധഭീതി നിലനിറുത്തുകയാണ് പാകിസ്ഥാന്റെ ആരോപണത്തിന് പിന്നിലെന്നും ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും ഇന്ത്യ വിമർശിച്ചു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരം ലഭിച്ചാൽ നയതന്ത്ര സ്ഥാപനങ്ങൾ വഴി അത് കൈമാറുകയാണ് വേണ്ടത്. അതിർത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും," വിദേശകാര്യ വക്താവ് വ്യക്തമാക്കി.

പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായാണ് ഇന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത്. ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസുകളിൽ നിന്ന് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻഖാൻ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.