ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡുകൾ മുൻകൂട്ടി അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റെയ്ഡുകൾക്ക് ഇലക്ടറൽ ഓഫീസർമാരുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് കമ്മിഷൻ നിർദ്ദേശം നൽകി. . റെയ്ഡുകൾ നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കണമെന്നും കമ്മീഷൻ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഖഥുമായി അടുപ്പമുമുള്ളവരുടെ വസതികളിൽ ഞായറാഴ്ച നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ജീവനക്കാരുടെ വീടുകളിലടക്കം രാജ്യത്തെ 50 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. റെയ്ഡിൽ ഒമ്പത് കോടിരൂപ കണ്ടെടുത്തതായാണ് സൂചന. തിരഞ്ഞെടുപ്പിന് ഹവാലപ്പണമെത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം.
അതിനിടെ, വൻതുക റെയ്ഡിൽ കണ്ടെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഹവാല പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിൽ കണ്ടെത്തിയ രേഖകൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ബന്ധപ്പെട്ടവർക്ക് സമൻസ് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതിനിടെ, റെയ്ഡുമായി സഹകരിക്കുന്നതിന് പകരം മധ്യപ്രദേശ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ രംഗത്തെത്തി.