ന്യൂഡൽഹി: രാജ്യത്തിന് അഭിമാനമായ മിഷൻ ശക്തിയിൽ ഉപഗ്രഹത്തെ തകർക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. എ–സാറ്റ് പരീക്ഷണം ലക്ഷ്യസ്ഥാനത്ത് എത്തുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരുടെ വർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഭാഗമായാണ് ഈ വിജയം കെെവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്.
ലോ എർത്ത് ഓർബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളിൽ ആക്രമിച്ച് വീഴ്‌ത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങൾക്കാണ് ഉപഗ്രഹവേധ മിസൈൽ സംവിധാനമുള്ളത്.
2012 മുതൽ തന്നെ മിസൈൽ വേധ മിസൈലുകൾ നിർമിക്കുന്നതിനെക്കുറിച്ച് ഇന്ത്യയിൽ ആലോചന തുടങ്ങിയിരുന്നു. തുടർന്ന് തദ്ദേശീയമായി നിർമിച്ച എ സാറ്റ് മിസൈലുകൾ പ്രയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുകയായിരുന്നു. മിഷൻ ശക്തി എന്നാണ് ഈ ഓപറേഷന് പേര് നൽകിയത്. മൂന്ന് മിനിട്ടിലാണ് ലക്ഷ്യം പൂർത്തിയാതത്. ഭൗമോപരിതലത്തിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിലായിരുന്നു പരീക്ഷണം.
ഉപഗ്രഹത്തിന്റെ സഞ്ചാരപഥം റഡാറുകൾ ഉപയോഗിച്ചു മനസ്സിലാക്കി, അതിനെ തകർക്കുകയായിരുന്നു മിസൈലിന്റെ ദൗത്യം. സ്ഫോടക ശേഖരമില്ലാത്ത മിസൈലാണ് ഉപയോഗിച്ചത്. തകർത്തതിന് ശേഷം അവശിഷ്ടങ്ങൾ ഭൂമിയിൽ എത്തുന്നതിന് മുമ്പ് തന്നെ കത്തിയമർന്നു. എന്നാൽ ഇന്ത്യയുടെ പരീക്ഷണത്തിനെതിരെ ചില രാഷ്ട്രങ്ങൾ രംഗത്ത് വന്നിരുന്നു.