she-

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷവും ഒരു കുഞ്ഞിന്റെ അമ്മയാവാൻ അവൾക്ക് കഴിഞ്ഞില്ല. പോളിസ്റ്റിക് ഓവറി സിൻ‌ഡ്രോം എന്ന അണ്ഡായശയ പ്രശ്നമാണ് അമ്മയാവുന്നതിന് തടസം എന്നായിരുന്നു അവൾ കരുതിയത്. വർഷങ്ങളായി വിവിധ വന്ധ്യതാ നിവാരണ കേന്ദ്രങ്ങളിൽ അവൾ കയറിയിറങ്ങി. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല. മൂന്നുവർഷത്തോളം നീണ്ട ഫെർട്ടിലിറ്റി ചികിത്സ നടത്തി. വേദനയുളവാക്കുന്നതും ചെലവേറിയതുമായിരുന്നിട്ടും ചികിത്സ തുടർന്നത് ഒരു കുഞ്ഞിന് വേണ്ടി മാത്രമായിരുന്നു. ഇതിനിടയിൽ 29 പ്രഗ്നൻസി ടെസ്റ്റുകൾ നെഗറ്റീവായി.

ഒടുവിൽ ഐ.വി.എഫ് ചികിത്സ നടത്താൻ അവൾ തീരുമാനിവിച്ചു. ബീജപരിശോധന നടത്താൻ ഭർത്താവിനോട് ആശുപത്രിയിൽ വരണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല. പല തവണ നിർബന്ധിച്ചപ്പോഴാണ് അയാൾ ഞെട്ടിക്കുന്ന ആ സത്യം തുറന്നുപറഞ്ഞത്. വിവാഹത്തിന് മുമ്പ് അയാൾ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നത്രെ. വാർത്തയറിഞ്ഞ് അക്ഷരാർത്ഥത്തിൽ തന്നെ യുവതി ഞെട്ടിത്തരിച്ചുപോയി. ആദ്യ വിവാഹബന്ധം തകർന്നത് ഈ ശസ്ത്രക്രിയയുടെ പേരിലായിരുന്നു. പിന്നീടാണ് ഇപ്പോഴത്തെ ഭാര്യയുമായി അടുപ്പത്തിലാകുന്നത്. അവളും തന്നെ വിട്ടുപോകുമോയെന്ന ഭയം കാരണമാണ് ശസ്ത്രക്രിയയുടെ കാര്യം പറയാതിരുന്നതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. റെഡിറ്റിൽ എഴുതിയ കുറിപ്പിൽ യുവതി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.


മറ്റൊരു ശസ്ത്രക്രിയയിലൂടെ ബീജം ശേഖരിക്കുകയും ബീജദാതാവിനെ കണ്ടെത്തുകയോ ചെയ്യുകയെന്നതാണ് ഇവർക്ക് മുന്നിൽ ഇനിയുള്ള പോംവഴി. ഇപ്പോഴും അയാളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും വിട്ടുപോകാനാകുന്നില്ലെന്നുമാണ് യുവതി പറയുന്നത്. എന്നാൽ വന്ധ്യംകരണ ശസ്ത്രക്രിയയുടെ കാര്യം മറച്ചുവെച്ചത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവർ പറയുന്നു. എത്രയും വേഗം ആ വഞ്ചകനെ വിട്ടുപോകണമെന്നാണ് കമന്റുകളിൽ നിറയുന്നത്.