എടപ്പാൾ: ആക്രി പെറുക്കാനെത്തിയ പത്ത് വയസുകാരിയായ നാടോടിപെൺകുട്ടിയെ മർദ്ദിച്ച സംഭവമുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മൂന്നാഴ്‌ചക്കകം സമർപ്പിക്കാൻ നിർദ്ദേശം നൽകി. പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം, പെൺകുട്ടിയെ മർദ്ദിച്ചത് വെറും രണ്ട് ഇരുമ്പ് കഷ്‌ണങ്ങൾ അധികം പെറുക്കിയതിനാണെന്ന് വ്യക്തമായി. കഴിഞ്ഞ അഞ്ച് വർഷമായി എടപ്പാളിൽ താമസിച്ചുവരുന്ന ആന്ധ്രയിൽ നിന്നുള്ള കുടുംബമാണ് ഇവരുടേത്. എടപ്പാളിൽ വിവിധ മേഖലയിൽ ആക്രി സാധനം പെറുക്കി വിറ്റാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം എടപ്പാളിലെ കെട്ടിടത്തിന് സമീപത്താണ് പെൺകുട്ടി ആക്രി പെറുക്കാനെത്തിയത്.
ഈ പെൺകുട്ടിയെ മുൻപ് പലവട്ടം സ്‌കൂളിൽ ചേർക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ പോയി. ഇതേ തുടർന്ന് കുടുംബത്തോടൊപ്പം ആക്രി പെറുക്കുന്ന ജോലി പെൺകുട്ടിയും ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.