ശ്രീനഗർ: കാശ്മീരിൽ സുരക്ഷ പിൻവലിച്ച 400 രാഷ്ട്രീയ നേതാക്കൾക്ക് വീണ്ടും സുരക്ഷ ഏർപ്പെടുത്തി. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് നേതാക്കന്മാരുടെ സുരക്ഷപിൻവലിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷ അവലോകന യോഗത്തിൽ ഗവണർ സത്യപാൽ മാലിക് നേതാക്കളുടെ സുരക്ഷ പിൻവലിച്ച തീരുമാനത്തിൽ അതൃപ്തി പ്രകടപ്പിച്ചിരുന്നു. തുടർന്ന് യോഗത്തിന് ശേഷം അർഹമായവർക്കെല്ലാം സുരക്ഷ ഏർപ്പെടുത്തുമെന്ന് ഗവർണർ അറിയിക്കുകയും ചെയ്തു. ഇത് ആരുടേയും അഭിമാന പ്രശ്‌നമല്ലെന്നും കാര്യങ്ങൾ യുക്തിസഹമായിരിക്കണമെന്നും ഞങ്ങൾ ആരുടേയും സുരക്ഷയെ തകർക്കുകയില്ലെന്നും ഗവർണർ വ്യക്തമാക്കി.
40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവൻ കവർന്ന പുൽവാമ ഭീകരക്രമണത്തിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളുടേയും രാഷ്ട്രീയപാർട്ടി നേതാക്കളുടേയും സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 900 ഓളം പേർക്കായി 2768 പോലീസ് ഉദ്യോഗസ്ഥരെയായിരുന്നു സുരക്ഷക്കായി ഏർപ്പെടുത്തിയിരുന്നത്.