അഞ്ചാലുംമൂട്: ചിറ്റയം അമ്പഴ വയലിൽ നിന്നു കാണാതായ യുവതിയെയും മക്കളെയും ചിറ്റുമല കിഴക്കേ കല്ലട സ്വദേശിയായ പ്രവീണിനൊപ്പം (34) ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിൽ പൊലീസ് കണ്ടെത്തി. ഒരു മാസം മുമ്പാണ് യുവതിയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആൺകുട്ടികളെയും കാണാതായത്. കിഴക്കേകല്ലടയിൽ നിന്നു ചിറ്റയത്ത് താമസമാക്കിയ പ്രവീണിന്റെ കൂടെയാണ് ഇവർ പോയതെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. യുവതിയുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് രണ്ടാം വിവാഹം കഴിഞ്ഞിരുന്നു.പ്രവീണും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ചിറ്റയം സ്വദേശിനിയായ രണ്ടാമത്തെ യുവതി ആത്മഹത്യ ചെയ്തതിന്റെ മൂന്നാം ദിവസമാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുമായി പ്രവീൺ നാടുവിട്ടത്. കുട്ടികളെ പരീക്ഷയെഴുതാൻ അനുവദിക്കാതെയാണ് കൊണ്ടുപോയത്.
സെക്കന്തരാബാദിലെ ബറൂറാം എന്ന സ്ഥലത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹാത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. എസ്. ഐ ശ്യാമളാലയൻ പിള്ള, എ. എസ്. ഐ ലഗേഷ് കുമാർ, സി. പി. ഒ ബൈജു പി ജെറോം എന്നിവരാണ് ഇവരെ പിടികൂടിയത്. വൈകിട്ട് 6 മണിയോടെ അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.കോടതിയിൽ ഹാജരാക്കി. യുവതിയും മക്കളും അമ്മയ്‌ക്കൊപ്പം അമ്പഴവയലിലെ വീട്ടിലേക്ക് പോയി.