ചെന്നൈ : കോടതികളിൽ വർഷങ്ങളായി കേരളവും തമിഴ്നാടും നിയമപോരാട്ടം നടത്തുന്ന മുല്ലപ്പെരിയാർ ഡാം വിഷയമുയർത്തി തമിഴ്നാട് സി.പി.എമ്മിന്റെ പ്രകടനപത്രിക. ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നാണ് തമിഴ്നാട് സി.പി.എം പുറത്തിറക്കിയ പ്രകടനപത്രിക വോട്ടർമാർക്ക് ഉറപ്പ് നൽകുന്നത്. തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ വോട്ട് നൽകി പാർലമെന്റിലേക്കയച്ചാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്താമെന്നാണ് പാർട്ടി വാഗ്ദാനം. കഴിഞ്ഞ ദിവസം സി.പി.എം തമിഴ്നാട്ടിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് പാർട്ടിക്കുവേണ്ടി വാഗ്ദാനം നൽകിയിരിക്കുന്നത്. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.അറുമുഖ നായർ,കെ.ഉദയകുമാർ എന്നിവരും പങ്കെടുത്തു.
പ്രകടപത്രികയിലെ മറ്റ് വാഗ്ദ്ദാനങ്ങൾ നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കും, കാർഷിക കടങ്ങൾ എഴുതിതള്ളും, കേന്ദ്രത്തിൽ മതേതര സർക്കാരിനെ അധികാരത്തിലേറ്റും,സ്‌കൂളുകളിൽ തമിഴ് വിദ്യഭ്യാസം നിർബന്ധമാക്കും തുടങ്ങിയവയാണ്.
സി..പി..എമ്മിനെ കൂടാതെ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മുല്ലപ്പെരിയാർ വിഷയം അവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.