തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചട്ടലംഘനം നടത്തിയ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച തൃശൂർ കളക്ടർ ടി.വി അനുപമയ്ക്കെതിരെ ഫേസ്ബുക്കിൽ പൊങ്കാലയുമായി ചിലർ രംഗത്തെത്തി. ശരണം വിളികളും അസഭ്യവും പറഞ്ഞാണ് ഇക്കൂട്ടർ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ എത്തിയത്.
വിമർശിക്കുന്നവരുടെ മതവും വർഗവും പറഞ്ഞാണ് അവർ എന്നും വിമർശനങ്ങളെ നേരിട്ടിട്ടുള്ളത്. പിന്നെ രാജ്യദ്രോഹി പട്ടം ചാർത്തിക്കൊടുക്കും. അതും ഏറ്റില്ലെങ്കിൽ പേരിനൊപ്പമുള്ള മതം തെളിയിക്കുന്ന രണ്ടാം പേരോ മൂന്നാം പേരോ ഒക്കെ ചികഞ്ഞെടുത്ത് സമൂഹമാദ്ധ്യമങ്ങൾ വഴി ആക്രമിക്കും. അതു തന്നെയാണ് ഇപ്പോൾ അനുപമ ഐ.എ.എസിനും നേരിടേണ്ടി വന്നിരിക്കുന്നത്.
ഇന്നലെവരെ അനുപമ ഐ.എ.എസ് എന്ന ഉദ്യോഗസ്ഥയെ വാഴ്ത്തിയവരിൽ ചിലർ ഇപ്പോൾ അനുപമ ക്ലിൻസൻ ജോസഫ് എന്നാണ് വിളിക്കുന്നത്. സംഭവത്തെ തുടർന്ന് നെൽസൺ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്.
സംവിധായകൻ കമലിനെ അവർ കമാലുദ്ദീൻ ആക്കി, നടൻ വിജയിയെ അവർ ജോസഫ് വിജയ് ആക്കിയെന്നും പ്രകാശ് രാജിനെ പ്രകാശ് എഡ്വേർഡ് ആക്കിയതും എല്ലാം വിശദീകരിച്ചാണ് നെൽസന്റെ പോസ്റ്റ്..
പോസ്റ്റിന്റെ പൂർണ രൂപം.
കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്.
വിജയ് അവർക്കുമാത്രം ജോസഫ് വിജയ് ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.
ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത് അനുപമ ക്ലിൻസൺ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.
പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട് വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.
തന്റെ ജോലിയാണു ചെയ്തത്, വിമർശനങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം.