അടുത്തിടെ മലയാളിയുടെ മനസാക്ഷിയെ പിടിച്ചുലച്ച രണ്ട് സംഭവങ്ങളാണ് തൊടുപുഴയിലും തൃശൂരും ഉണ്ടായ ദാരുണസംഭവങ്ങൾ. ഭർത്താവിന്റെ മരണ ശേഷം വിശ്വസിച്ച് ജീവിതത്തിലേക്ക് കൂട്ടിയ ക്രിമിനൽ പശ്ചാത്തലമുള്ളയാൾ യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയതാണ് തൊടുപുഴയിലുണ്ടായത്.അതേ സമയം പ്രണയബന്ധത്തിലുണ്ടായ വിള്ളലാണ് തൃശൂരിലെ ദുരന്തത്തിൽ കലാശിച്ചത്. കാമുകി തന്നെ ചതിക്കുകയാണോ എന്ന സംശയത്തിൽ വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചാണ് കൊലപ്പെടുത്തിയത്. ഈ രണ്ട് സംഭവങ്ങളിലേയും പെൺകുട്ടികളുടെ ജീവിതത്തെ വിലയിരുത്തുകയാണ് ഡോക്ടർ സി.ജെ.ജോൺ. ഫേസ്ബുക്കിൽ അദ്ദേഹം എഴുതിയ കുറിപ്പ് വായിക്കാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കടുത്ത നിസ്സഹായതയുടെയും അരക്ഷിതാവസ്ഥയുടെയും പിടിയിലാകുമ്പോൾ ആശ്രയിക്കാമെന്ന പ്രതീതി നൽകുന്ന ഏതൊരാളുമായും കൂട്ട് ചേരാനിടയുള്ള സ്ത്രീയാണ് ആദ്യത്തെ കഥാപാത്രം.ആള് നല്ലതണോയെന്ന യുക്തി ബോധമൊന്നും ആ നേരങ്ങളിൽ പെണ്ണിന്റെ മനസ്സിൽ തെളിയില്ല.ബന്ധം ഒരു കെണിയായി മാറി കഴിഞ്ഞാൽ പിന്നെ രക്ഷപെടാൻ പ്രയാസമാകും.സാമൂഹ്യ വിരുദ്ധ പ്രവണതയുള്ള വ്യക്തിയാണെങ്കിൽ ഭീഷണിയും വിരട്ടലുമൊക്കെയായി പിടിച്ചു നിർത്തും.ഒരു കളിപ്പാവയെ പോലെ വട്ടം കറക്കും.തല്ലിന്റെ കൂടെ തലോടലുമൊക്കെയാകുമ്പോൾ തലയൂരി പോകാൻ പറ്റാത്ത ഒരു ലവ് ഹേറ്റ് സമവാക്യത്തിൽ കുടുങ്ങും.അയാളുടെ ക്രൂര കൃത്യങ്ങൾക്കെതിരെ പരാതി പറയാൻ പറ്റാത്ത മാനസികാവസ്ഥയുണ്ടാകാം.ഭീതി ഒരു ഘടകമാകാം.തൊടുപുഴയിലെ അമ്മയെ ക്രൂരയാക്കും മുൻപ് ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നോയെന്ന് കൂടി നോക്കണ്ടേ?ചെറിയ കുട്ടികളുമായി വൈധവ്യ നിർഭാഗ്യത്തിൽ അശരണരായി കഴിയുന്ന യുവതികളുടെ പിറകെ കൂടുന്ന ഞരമ്പ് രോഗികൾ ധാരാളമുള്ള നാടാണിത്. സാമൂഹിക സാഹചര്യങ്ങളുടെ സമ്മർദം മൂലമുണ്ടായ ഒരു തീരുമാന പിഴവിന്റെ ട്രാജഡികളാകുമോ ആ യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത് ?
ഇരുത്തമില്ലാത്ത ആണിന്റെ പ്രണയ പകയുടെ ഇരയായി കുത്തേറ്റും കത്തിയും മരിക്കേണ്ടി വരുന്ന കാമുകിയാണ് രണ്ടാമത്തെ കഥാപാത്രം .പെണ്ണ് നോ പറഞ്ഞാൽ കൊല്ലുന്ന ആൺ ക്രൂരതയെന്ന ജൻഡർ വർത്തമാനം ഇതിൽ പറയേണ്ടതില്ല.ലഹരി ആസക്തി പോലെയുള്ള അനുഭവം ഉണർത്തുന്ന പ്രണയാനുഭൂതികളിലൂടെ ഇവൻ ഉന്മാദാവസ്ഥയിലേക്ക് പോയത് ഈ യുവതി തിരിച്ചറിയാത്തതെന്തേയെന്ന ചോദ്യവും പ്രസക്തമല്ലേ? പ്രണയ ജാഗ്രതകളിൽ ഇതൊക്കെ ഉൾപ്പെടെണ്ടേ? പക കാട്ടുന്ന ആണെന്നും അതിന് ഇരയാകുന്ന പെണ്ണുമെന്ന് രണ്ട് കള്ളികളിൽ ഒതുക്കിയാൽ പിന്നെ പ്രണയ ബന്ധങ്ങളിൽ തിരുത്തപ്പെടേണ്ട പല ശീലങ്ങളും ചർച്ച ചെയ്യപ്പെടാതെ പോകും.അതിന് ആണും പെണ്ണും തുല്യ ഉത്തരവാദികളുമാകും.വേണ്ട നേരത്തു ശക്തി സംഭരിക്കാനാവാത്തതിന്റെയും നോ പറയാൻ കഴിയാത്തതിന്റെയും കോട്ടം രണ്ട് പെണ്ണുങ്ങളുടെയും ജീവിതത്തിലുണ്ടെന്നത് മറക്കാൻ പാടില്ല. വിയോജിപ്പ് പൊങ്കാലയായും സ്വീകരിക്കുന്നതാണ്.
(സി. ജെ. ജോൺ)