pinarayi-vijayan-reply-to

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായി മസാല ബോണ്ടുകൾ വഴി പണം സ്വരൂപിച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. മസാല ബോണ്ടുകൾ സ്വീകരിച്ചത് റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത് സംബന്ധിച്ച ആരോപണങ്ങൾക്ക് പിന്നിൽ വികസന വിരുദ്ധരാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

.

കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കിഫി‌ബി പ്രവർത്തിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചത്. ഇതിനെതിരെ വിവാദങ്ങളുണ്ടാക്കുന്നത് വികസനത്തിന് തടസം നിൽക്കുന്നവരാണ്. ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് നിന്നാണ് സർക്കാരിനെതിരെ വിവാദങ്ങളുണ്ടാക്കുന്നത്. നീരവ് മോദിക്ക് വായ്‌പ നൽകിയ എസ്.ബി.ഐയിൽ നിന്ന് സംസ്ഥാന സർക്കാർ പണം വാങ്ങിയാൽ അത് നീരവ് മോദിയിൽ കൈപ്പറ്റിയതാണെന്ന് പറയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മസാല ബോണ്ടിൽ ലാവ്‌ലിന് പങ്കാളിത്തമുള്ള കമ്പനി നിക്ഷേപം നടത്തിയതിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 2,150 കോടി രൂപ മസാല ബോണ്ടിലൂടെ സമാഹരിച്ചത് ലോകാത്ഭുതമായി പ്രചരിപ്പിച്ചവർ ബോണ്ട് വാങ്ങിയത് ആരെന്നത് രഹസ്യമാക്കിയത് എന്തിനാണ്? എവിടെ വച്ചാണ് ഇടപാട് നടന്നത്? ആരാണ് പങ്കെടുത്തത്? ഇടനിലക്കാർ ആരെല്ലാം ? ബോണ്ട് ആർക്കും വാങ്ങാമെന്നിരിക്കെ എന്തുകൊണ്ട് കാനഡക്കാർ മാത്രം വന്നു? ഇടപാടിന്റെ രേഖകൾ പുറത്തുവിട്ട് സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്താണ് മസാല ബോണ്ട്

ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏർപ്പാട്. ഇന്ത്യയിൽ നിന്ന് സ്ഥാപനങ്ങൾ പുറത്തിക്കുന്ന ഇന്ത്യൻ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനിൽ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചെെനയിൽ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യൻ റിസർവ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നൽകിയത്. എച്ച്. ഡി. എഫ്. സി. 3000കോടിയും എൻ.ടി.പി. സി. 2000 കോടിയും ദേശീയ പാത അതോറിട്ടി 4000 കോടിയും ഇതിനുമുമ്പ് ഇത്തരത്തിൽ സമാഹരിച്ചിട്ടുണ്ട്. കിഫ്ബിയുടെ ബോണ്ടിന് 9.25ശതമാനം പലിശ നൽകേണ്ടിവരും. 2024 വരെ തിരിച്ചടവ് കാലാവധിയുണ്ട്. എന്നാൽ ഇന്ത്യൻ രൂപയിലായതിനാൽ ഡോളറിന്റെ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന നഷ്ടവും ലാഭവും നിക്ഷേപകൻ വഹിക്കണം. കേരളത്തിനോ, കിഫ്ബിക്കോ അതിന്റെ ബാദ്ധ്യതയുണ്ടാകില്ലെന്ന നേട്ടമുണ്ട്. ഒരു ഇന്ത്യൻ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തിൽ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത്.