mammootty

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ മധുരരാജ തീയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ച് വൻ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തെ കുറിച്ച് പല വാർത്തകൾ പുറത്തു വന്നെങ്കിലും അതിൽ ഏറെ ശ്രദ്ധയാകർഷിച്ചത് ബോളിവുഡ് താരം സണ്ണി ലിയോൺ ചിത്രത്തിന്റെ ഭാഗമാകുമെന്നതാണ്.

ഒരു ഗാനരംഗത്തിലാണ് സണ്ണി അഭിനയിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഗാനരംഗത്തിൽ മമ്മൂട്ടിക്കൊപ്പമാണ് താരം ചുവടുവയ്ക്കുന്നത്.

എന്നാൽ സണ്ണി സെറ്റിലേക്ക് എത്തുന്നതിന് മുൻപ് നടത്തിയ പഠനത്തെ കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാ കൃത്തായ ഉദയകൃഷ്ണ. സംവിധായകൻ വൈശാഖിനൊപ്പം ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

മമ്മൂട്ടിയെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സണ്ണി ലിയോൺ മധുരരാജയുടെ സെറ്റിൽ അഭിനയിക്കാനെത്തിയത്.

മമ്മൂക്ക ആളിത്തിരി ചൂടനാണെന്നും സ്ത്രീകളോട് അടുത്തിടപെടാത്ത ആളാണെന്നുമെല്ലാം നടി നേരത്തെ അറിഞ്ഞു വച്ചു. മാത്രമല്ല, മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ നേടിയ മഹാനടനാണെന്നുമൊക്കെ താരം വിവരങ്ങൾ അറിഞ്ഞു വച്ചിരുന്നു. അങ്ങനെയൊരു നടന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് എന്തിനാണെന്ന സംശയവും സണ്ണിക്കുണ്ടായിരുന്നെന്ന് ഉദയകൃഷ്ണ പറഞ്ഞു.

വലിയ ഭാരമുള്ള സ്വര്‍ണമാലയും വളയും മീശയും എല്ലാംകൂടിയ ലുക്കിലാണ് രണ്ടാം ദിവസം മമ്മൂട്ടി ലൊക്കേഷനിൽ എത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ അവർ പേടിച്ചു. പരിചയപ്പെടാനായി അദ്ദേഹം അടുത്തേക്ക് വന്നപ്പോഴും മറുപടി പറയാനാകാതെ നിൽക്കുകയായിരുന്നു സണ്ണി ലിയോൺ. പിന്നീട് അദ്ദേഹം ഞങ്ങളോടൊക്കെ സംസാരിക്കുന്നതു കണ്ട് കണ്ടാണ് അവർക്ക് ആ പേടി മാറിയത്. പിന്നെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സണ്ണി സെറ്റിലെ എല്ലാവരുമായി നല്ല സൗഹൃദത്തിലാവുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.

2009ൽ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ ജയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ മുൻ ചിത്രത്തിലെ പ്രധാന താരങ്ങളും മധുരരാജയുടെ ഭാഗമാകുന്നുണ്ട്. പുലിമുരുകനിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്ക് താരം ജഗപതി ബാബുവാണ് മധുരരാജയിലും വില്ലനായി എത്തുന്നത്.

അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് മധുരരാജയിലെ നായികമാർ. നെടുമുടി വേണു, സലിംകുമാർ, നരേയ്ൻ, രമേഷ് പിഷാരടി, അജു വർഗീസ്, വിജയരാഘവൻ, ബൈജു ജോൺസൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഏപ്രിൽ 12നാണ് മധുരരാജ തീയേറ്ററുകളിലെത്തുന്നത്.