ന്യൂഡൽഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നാല് സീറ്റുകൾ നേടുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാൻ അയ്യപ്പനെതിരെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള സർക്കാരിന്റെ നടപടികൾ നേരിടാൻ ബി.ജെ.പി. ഒരുക്കമാണെന്നും വിശ്വാസികൾക്ക് ഒപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു.
ശനി ഷിംഘ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോൾ ശബരിമലയിൽ അതിനെ എതിർക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോൾ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അമിത്ഷ വ്യക്തമാക്കി. ‘ദ വീക്ക്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്. ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുൾപ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതെല്ലാം നടപ്പിൽ വരുത്താതെ ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു.
ഈ നിർദേശങ്ങളെല്ലാം നടപ്പിൽ വരുത്താൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ധൈര്യം ഉണ്ടോ എന്നും ഇതിൽ ഒരെണ്ണമെങ്കിലും അവർ നടപ്പിൽ വരുത്തട്ടെ എന്നും അമിത് ഷാ പറഞ്ഞു. കർണാടകത്തിൽ അഴിമതി രൂക്ഷമായിരിക്കുകയാണെന്നും ജനഹിതത്തിനു എതിരായാണ് കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യം സർക്കാർ രൂപീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. തമിഴ്നാട്ടിൽ ഡി.എം.കെ, കോൺഗ്രസ് സഖ്യം മികച്ച വിജയം നേടുമെന്ന് മാദ്ധ്യമങ്ങൾ തുടക്കത്തിൽ പറഞ്ഞിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ഇരു കക്ഷികൾക്കും തുല്യ ജയസാദ്ധ്യതയാണ് അവർ പ്രവചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.