ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കൽപ്പ് പത്ര’ എന്ന് പേര് നൽകിയിരിക്കുന്ന പത്രികയിൽ വികസനം, ഹിന്ദുത്വത്തിനും ദേശീയതയ്‌ക്കും ഊന്നൽ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ തുടങ്ങിയ നേതാക്കൾ ഒത്തുചേർന്ന സമ്മേളനത്തിലാണ് പത്രിക അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പത്രിക പ്രകാശനം ചെയ്തത്.
എട്ട് കോടിയിലധികം പേർക്ക് ശൗചാലയം നിർമ്മിച്ച് നൽകിയെന്നും, സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിയതായും അമിത് ഷാ പറഞ്ഞു. ഭീകര വാദത്തെ തുരത്താൻ ഇടപെടലുകൾ നടത്തി, മോദിയുടെ അഞ്ച് വർഷത്തെ ഭരണം ഇന്ത്യയുടെ സുവർണ കാലഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 75 പദ്ധതികളാണ് പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാജ്യം 75-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 വാഗ്ദാനമെന്ന ആശയം.
പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ
1-ഗ്രാമവികസനത്തിന് 25 ലക്ഷം കോടി.
2-സൗഹാർദാന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമ്മിക്കും.
3-ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും പെൻഷൻ പദ്ധതി.
4-ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും.
5-ഏക സിവിൽകോഡ് നടപ്പാക്കും.
6-പൗരത്വബിൽ ബസാക്കും.
7-പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും.
8-വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം.
9-എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും ഗ്യാസ് സിലിണ്ടർ നൽകും.
10-ദേശീയപാത ഇരട്ടിയാക്കും.
11- പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങും.
12-മുത്തലാഖ് നിയമം പാസാക്കും.
13-അടുത്ത വർഷത്തോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
14-എല്ലാ ഭൂരേഖകളും ഡിജിറ്റൈസ് ചെയ്യും.
15-ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കും