തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പിരിച്ചുവിടൽ നടപടിയുമായി ഹൈക്കോടതി. നിലവിൽ സർവീസിലുള്ള എല്ലാ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പി.എസ്.സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.
ഏപ്രിൽ 30ന് ഉള്ളിൽ പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണം. എംപാനൽ നിയമനങ്ങൾ സർവീസ് നിയമങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നുമാണ് കോടതി ഉത്തരവ്.
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണം. ഈ മാസം 30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേർത്ത് റിപ്പോർട്ട് നൽകണം. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളാണ് നിയമനനടപടി വേഗത്തിലാക്കണമെന്നും ആശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.