ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ എല്ലാ മണ്ഡലങ്ങളിലും നിന്നും അഞ്ച് വീതം വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകൾ കൂടി എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.വിവിപാറ്റുകൾ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിവിപാറ്റുകൾ എണ്ണാൻ വേണ്ടി ആവശ്യമെങ്കിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടേയെന്നും കോടതി ചോദിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് 21 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് അമ്പത് ശതമാനം വിവിപാറ്രുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഇത്രയും വിവിപാറ്റുകൾ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ദിവസങ്ങളോളം വൈകിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്. അതേസമയം, ഇത്രയും പ്രതിപക്ഷ പാർട്ടികൾ അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ വിവിപാറ്റുകൾ എണ്ണണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ ഏതെങ്കിലും സ്ഥാനാർത്ഥികൾ വിവിപാറ്റിൽ സംശയം പ്രകടിപ്പിച്ചാൽ മുഴുവൻ യന്ത്രങ്ങളിലെയും വിവിപാറ്ര് രസീതുകൾ എണ്ണണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നും ഓരോ വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റുകളാണ് എണ്ണുന്നത്. എന്നാൽ ഇനി അഞ്ചെണ്ണം എണ്ണുന്നതോടെ ഫലപ്രഖ്യാപനം വൈകാൻ ഇടയാക്കുമെന്നാണ് സൂചന.