തൃശൂർ ∙ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയെക്കുറിച്ച് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ഇന്നു കളക്ടർക്ക് താൽക്കാലിക മറുപടി നൽകും. വിശദമായ മറുപടി നൽകാൻ സമയം ചോദിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇന്നു വൈകിട്ടാണ് അദ്ദേഹം കളക്ടർക്കു മറുപടി നൽകുക. വിശദമായ മറുപടി നൽകുന്നതിന് മുൻപ് വിശദമായ നിയമ പരിശോധന ആവശ്യമാണെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് ദേശീയ നേതൃത്വം പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്.
ഡൽഹിയിൽ ബി.ജെ.പിയുടെ ഉന്നത നിയമജ്ഞരുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. സന്ദേശം സംസ്ഥാന ഘടകത്തിനു കൈമാറും. നൽകേണ്ട മറുപടിയുടെ കരട് ഉച്ചയോടെ സംസ്ഥാന നേതൃത്വത്തിനു നൽകും.
തേക്കിൻകാടു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അയ്യനെന്നും, ശബരിമലയെന്നും പറഞ്ഞത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടത്തിനു വിരുദ്ധമാണെന്ന് കാണിച്ചാണ് കളക്ടർ ടി.വി.അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. പ്രഥമദൃഷ്ട്യാ അദ്ദേഹം ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു.