രാജ്യ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന് വെടിമുഴങ്ങാൻ ഒരു ദിവസം മാത്രം ബാക്കി. വ്യാഴാഴ്‌ചയാണ് (ഏപ്രിൽ 11) ആദ്യഘട്ട പോളിംഗ്. ആകെ 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഭാഗഭാക്കാകുന്ന ആദ്യഘട്ടത്തിൽ 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് പോളിംഗ്. രാജ്യത്തെ ആകെ ലോക്‌സഭാ മണ്ഡലങ്ങൾ 543 ആണ്.
ആന്ധ്രപ്രദേശ്, തെലുങ്കാന, അരുണാചൽ പ്രദേശ്, മേഘാലയ, ഉത്തരാഖണ്ഡ്, മിസോറം, നാഗാലാൻഡ്, സിക്കിം, ലക്ഷദ്വീപ്, ആൻഡമാൻ- നിക്കോബാർ എന്നിവിടങ്ങളിലെ മുഴുവൻ പാർലമെന്റ് മണ്ഡലങ്ങളും 11-ന് പോളിംഗ് ബൂത്തിലെത്തും. ഇതിനു പുറമേ, അസം, ബീഹാർ, ഛത്തിസ്ഗഢ്, ജമ്മു കശ്‌മീർ, മഹാരാഷ്‌ട്ര, മണിപ്പൂർ, ഒഡിഷ, ത്രിപുര, ഉത്തർപ്രദേശ്, ബംഗാൾ എന്നീ പത്തു സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു.
ആകെ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലായിടത്തെയും വോട്ടെണ്ണൽ ഒരേ ദിവസമാണ്- മേയ് 23- ന്.
പോളിംഗ് ഷെഡ്യൂൾ ഇതാണ്: ഏപ്രിൽ 11 ന് ആദ്യഘട്ടം കഴിഞ്ഞാൽ 18-ന് 13 സംസ്ഥാനങ്ങളിലായുള്ള 97 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 23-നാണ് മൂന്നാം ഘട്ടം. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലായുള്ള 115 മണ്ഡലങ്ങളിലേക്കാണ് അന്ന് പോളിംഗ്. ഏറ്രവും കൂടുതൽ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഘട്ടവും ഇതുതന്നെ.
നാലാം ഘട്ടം ഏപ്രിൽ 29-ന്. ഒൻപതു സംസ്ഥാനങ്ങളിലായുള്ള 71 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തിലെ വോട്ടെടുപ്പ്. മേയ് ആറിനു നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഏഴു സംസ്ഥാനങ്ങളിലായുള്ള 51 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധിയെഴുതുക. ആറാം ഘട്ടം മേയ് 12-ന്. ഈ ഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ ഭാഗഭാക്കാകും. മേയ് 19-നു നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിലുള്ളത് എട്ട് സംസ്ഥാനങ്ങളിലായുള്ള 59 മണ്ഡലങ്ങൾ.
വോട്ടെടുപ്പ് നടപടിക്രമങ്ങൾ ഏഴു ഘട്ടങ്ങളിലായി മാത്രം പൂർത്തിയാകുന്ന മൂന്നു സംസ്ഥാനങ്ങളുണ്ട്- ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ. ജമ്മു കശ്‌മീരിൽ അഞ്ചു ഘട്ടങ്ങളിലായും, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നാലു ഘട്ടങ്ങളിലായും വോട്ടെടുപ്പ് പൂർത്തിയാകും. അസമിലും ഛത്തിസ്‌ഗഢിലും മൂന്നു ഘട്ടങ്ങളിലായും, കർണാടക, രാജസ്ഥാൻ, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങളിൽ രണ്ടു ഘട്ടങ്ങളിലായുമാണ് പോളിംഗ്.
രാജ്യത്തെ 90 കോടിയോളം വോട്ടർമാരിൽ 1.5 കോടി പേർ 18-19 വയസുകാരാണ്. രാജ്യത്താകെ, പത്തു ലക്ഷത്തോളം പോളിംഗ് സ്റ്രേഷനുകളാണ് ഉണ്ടാവുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് ഒൻപതു ലക്ഷമായിരുന്നു. വോട്ടിംഗ് മെഷീനുകൾപ്പൊപ്പം ആകെ 17.4 ലക്ഷം വിവിപാറ്റുകളും (വോട്ടർ- വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) ഉപയോഗിക്കും.