തിരുവനന്തപുരം: കാൽനൂറ്റാണ്ട് കാലം മുമ്പ്, മൊബൈൽ ഫോണുകൾ അത്യാഡംബരമായിരുന്ന കാലം. മോട്ടോറോളയുടെ പുതുപുത്തൻ മൊബൈൽ ഫോണുമായി ഷൂട്ടിംഗ് സൈറ്റിലെത്തിയ മമ്മൂട്ടിക്ക് ചുറ്റും എല്ലാവരും അത്ഭുതത്തോടെ ഒത്തുകൂടിയ കഥയാണ് ഇപ്പോൾ ചർച്ചാ വിഷയം.സംവിധായകൻ തുളസിദാസാണ് ഇക്കാര്യം വാർത്താ ഏജൻസിയോട് തുറന്ന് പറഞ്ഞത്.
മമ്മൂട്ടി, ഗൗതമി, മുരളി, ദേവൻ എന്നിവർ ഒന്നിച്ചഭിനയിച്ച ആയിരം നാവുള്ള അനന്തൻ എന്ന സിനിമയുടെ സെറ്റിലായിരുന്നു സംഭവം. അന്ന് മമ്മൂട്ടി ഒരു പുതുപുത്തൻ മൊബൈൽ ഫോണുമായി അവിടെയെത്തി. മൊബൈൽ ഫോണുകൾ രംഗപ്രവേശനം ചെയ്‌തിട്ട് അധികകാലം ആയിട്ടില്ലാത്തതിനാൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ മൊബൈലുണ്ടായിരുന്നുള്ളൂ. പിന്നാലെ സെറ്റിലെ സംസാര വിഷയം മൊബൈൽ ഫോണിനെക്കുറിച്ചായി. കുറച്ച് ദിവസത്തിന് ശേഷം നടൻ ദേവൻ, മാധവി, ഗൗതമി എന്നിവരും മൊബൈലുമായി സെറ്റിലെത്തി. എന്നാൽ നടൻ മുരളിയുടെ കൈവശം മൊബൈൽ ഉണ്ടായിരുന്നില്ല. ഷൂട്ടിംഗിനിടെ പലപ്പോഴും മമ്മൂട്ടിയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുകയും താരം ഷൂട്ടിംഗ് നിറുത്തിവച്ച് മൊബൈലിൽ സംസാരിക്കുകയും ചെയ്യും. ഒന്ന് രണ്ട് തവണ ഇതാവർത്തിച്ചതോടെ മുരളി തന്നെ വിളിച്ച് ഇനിയും ഇങ്ങനെ സംഭവിച്ചാൽ സിനിമ നിറുത്തി പോകുമെന്ന് പറഞ്ഞതായി സംവിധായകൻ വെളിപ്പെടുത്തി. തുടർന്ന് ഏറെ നിർബന്ധിച്ചതിന് ശേഷമാണ് മുരളി ഷൂട്ടിംഗ് തുടരാമെന്ന് സമ്മതിച്ചത്. പിന്നീട് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും സിനിമ ചിത്രീകരണം നല്ല രീതിയിൽ മുന്നോട്ട് പോയതായും സംവിധായകൻ തുളസിദാസ് വ്യക്തമാക്കി.