എടപ്പാൾ : പറമ്പിൽ അതിക്രമിച്ച് കയറി ആക്രിസാധനങ്ങൾ പെറുക്കിയെന്ന് ആരോപിച്ച് പത്തുവയസുകാരിയായ നാടോടി ബാലികയെ അമ്മയുടെ മുന്നിലിട്ട് ക്രൂരമായി തല്ലിയ സംഭവത്തിൽ നേതാവിന് ക്ലീൻ ചിറ്റ് നൽകി സി.പി.എം. കഴിഞ്ഞ ദിവസമാണ് സി.പി.എം ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്റുമായ പ്രതി സി.രാഘവൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നാരോപിച്ച് പതിനൊന്ന് വയസുകാരിയായ നാടോടി ബാലികയെ ക്രൂരമായി മർദ്ദിച്ചത്.
പെൺകുട്ടി അമ്മയ്ക്കും മറ്റൊരു സ്ത്രീയ്ക്കുമൊപ്പമാണ് ആക്രിപെറുക്കാനെത്തിയത്. ഇവിടേയ്‌ക്കെത്തിയ രാഘവൻ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ആക്രി സാധനങ്ങൾ നിറച്ച ചാക്ക് പിടിച്ച് വാങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. ചാക്കിനകത്തെ ഇരുമ്പു പൈപ്പ് നെറ്റിയിൽ കൊണ്ടാണ് മുറിവുണ്ടായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റത് വീഴ്ചയിലാണെന്നാണ് മനസിലാക്കിയതെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം പറയുന്നു. പാർട്ടി നടത്തിയ അന്വേഷണത്തിലാണത്രേ ഇത് മനസിലായത്. ആയതിനാൽ സി. രാഘവനെതിരെ പാർട്ടി നടപടിയുണ്ടാവില്ലെന്നും സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
വർഷങ്ങളായി എടപ്പാളിൽ വിവിധയിടങ്ങളിലായി താമസിച്ചുവരികയാണ് നാടോടി കുട്ടിയുടെ കുടുംബം. പരിക്കേറ്റ കുട്ടിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.