കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരൻ വിജയിച്ചാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് എത്തുമെന്ന അഭ്യൂഹത്തെ പുറം തള്ളി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോ. മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയിലേക്ക് പോയാലും താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നായിരുന്നു വിഷയത്തിൽ സുധാകരൻ പറഞ്ഞത്.
ശബരിമല യുവതീപ്രവേശം സംബന്ധിച്ച് കോൺഗ്രസ് വ്യക്തമായ നിലപാട് പ്രഖ്യാപിക്കാതിരുന്നപ്പോഴും അതിനെ പരസ്യമായി എതിർത്ത് രംഗത്തു വന്ന നേതാവാണ് കെ.സുധാകരൻ. വിശ്വാസ സംരക്ഷണത്തോടൊപ്പം എന്ന് ഉറക്കെ പ്രഖ്യാപിച്ച സുധാകരൻ ബി.ജെ.പിയിലേക്ക് ചേക്കേറും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രചാരണങ്ങൾക്ക് മറുപടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ. സുധാകരൻ ബി.ജെ.പിയിലേക്കു പോകും എന്ന പ്രചാരണത്തിന് മറുപടിയാണ് വീഡിയോ. ഒരു ഇറച്ചിവെട്ട് കടയിൽ നടക്കുന്ന സംഭാഷണമാണ് ചിത്രീകരിച്ചിരിക്കുന്നത്.
കടയിൽവച്ചുള്ള സംഭാഷണത്തോടെയാണ് വീഡിയോയുടെ തുടക്കം. ഓൻ ജയിച്ചാൽ കാലുമാറും എന്ന് ഇറച്ചി വെട്ടുകാരൻ പറയുമ്പോൾ മറുപക്ഷം ശക്തമായി എതിർക്കുന്നു. ഇന്നും ഇന്നലെയും കെ സുധാകരനെ കാണുവാൻ തുടങ്ങിയതല്ലെന്നും, വിരിഞ്ഞ് നിന്നപ്പോൾ പോലും ആ പൂ പറിക്കാൻ പോയിട്ടില്ലെന്നും. അപ്പോഴാണോ വാടിയപ്പോൾ എന്നും മറുഭാഗം തിരിച്ചും ചോദിക്കുന്നു.