മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിലക്കിയിട്ടും മതവിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് തൃശൂർ കളക്ടർ അനുപമ വിശദീകരണം ചോദിച്ചത് സംസ്ഥാനത്ത് വിവാദമായിരിക്കുകയാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എക്കാലവും എടുത്തിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയാണ് അനുപമ ഐ.എ.എസ്. അതിനാൽ തന്നെ സോഷ്യൽമീഡിയയിലടക്കം അവർക്ക് മികച്ച പിന്തുണയുമായി പതിനായിരങ്ങൾ രംഗത്തുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അനുപമയ്‌ക്കെതിരെ ഫേസ്ബുക്കിലടക്കം വിമർശനവുമായി ബി.ജെ.പി അണികളും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിൽ അനുപമയുടെ ജാതിയും മതവും പേരും കൂട്ടി ചേർത്ത് വിമർശക്കുന്നവരും രംഗത്തെത്തി.
ഈ അവസരത്തിൽ ഈ ജാതിയും മതവും പേരും കൂട്ടി ചേർത്ത് പറഞ്ഞുള്ള ഈ പേരുവിളിയുടെ തുടക്കം എവിടെയാണ് എന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ... എന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തൃശൂർ ജില്ലാ കളക്ടർ അനുപമയെ ഇന്ന് ചിലർ വിളിക്കാൻ ആഗ്രഹിക്കുന്നതു ക്ളിൻസൺ ജോസഫ് അനുപമ..!
ഈ ജാതിയും മതവും പേരും കൂട്ടി ചേർത്ത് പറഞ്ഞുള്ള ഈ പേരുവിളിയുടെ തുടക്കം എവിടെയാണ് എന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ..?
2002 ഗുജറാത്ത് കലാപം. അതായതു ഗുജറാത്ത് "കാർണേജ്". ആയിരങ്ങൾ കൊല്ലപ്പെട്ടു. മൈനോറിറ്റി വിഭാഗത്തിലെ മുസ്‌ലിം ജനത ജീവരക്ഷക്ക് വേണ്ടി പലയിടത്തും പലായനം ചെയ്യുന്നു. മോദിയാണ് മുഖ്യമന്ത്രി. കലാപത്തിന് തൊട്ടു മുൻപ് അവിടെ ബിജെപിയിൽ വിഭാഗീയ കൂടിയപ്പോൾ രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്രനേതൃത്വം മാറ്റി. കേശുഭായി പട്ടേലിനെയും ശങ്കർ സിംഗ് വഗേലയും. ആരും പ്രതീക്ഷിക്കാതെ മോദി മുഖ്യനായി വന്നു. എൽ കെ അദ്വാനിയാണ് അതിനു മുൻകൈ എടുത്തത്.
കലാപം പൂർണമായും ശമിച്ചിട്ടില്ല. അതിലെ ഇരകൾ തിരികെ അവരുടെ വീട്ടിൽ തിരികെ വന്നിട്ടില്ല. ഒമ്പതുമാസം കൂടി ആയുസുള്ള ബിജെപി മന്ത്രിസഭാ മോഡി പിരിച്ചുവിടുന്നു. ഇലക്ഷൻ പ്രഖ്യാപിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നു. അന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ജെഎം ലിഗ്‌ദോ ആ തീരുമാനം തള്ളി. ഇപ്പോൾ ഇലക്ഷൻ നടത്താൻ കഴിയില്ല. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയും മോദിയെ പിന്താങ്ങി. പ്രധാനമന്ത്രി വാജ്‌പോയി ലിഗ്‌ദോയുടെ തീരുമാനത്തെ അനുകൂലിച്ചു. അന്ന് മോദി നടത്തിയ ഒരു റാലിയിലെ ഒരു പ്രസംഗത്തിൽ ലിഗ്‌ദോയെ വിളിച്ചത് "ജെയിംസ് മൈക്കൽ ലിഗ്‌ദോ" എന്നാണ്. അയാൾ ഒരു ക്രിസ്ത്യാനിയായതുകൊണ്ടാണ് ഇലക്ഷനെ എതിർക്കുന്നത് എന്നും. അതിനു ലിഗ്‌ദോ കൊടുത്ത മറുപടി ദൈവത്തെ വിശ്വസിക്കാതെ മനുഷ്യരും ലോകത്തുണ്ട് അതിൽ ഒരാളാണ് ഞാനെന്ന്!
ലിഗ്‌ദോ ഷില്ലോങ് സ്വദേശിയാണ്. ഒരു റിട്ടയേർഡ് ജില്ലാ ജഡ്ജിന്റെ മകൻ. ലീഗ്‌ദോയുടെ തീരുമാനം പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. അദ്ദേഹം 2004 എഴുതിയ ഒരു മനോഹരമായ പുസ്തകമുണ്ട്-"Chronicle of An Impossible Election". അത് കയ്യിൽ കിട്ടിയാൽ വായിക്കാൻ ശ്രമിക്കുക. ഈ നടന്നതെല്ലാം ഇതിൽ വ്യക്തമായി പറയുന്നുണ്ട്. ഇന്ന് എവിടെ പോയി അദ്വാനി? കുപ്പാ തൊട്ടിയിൽ. കാവ്യാത്മമായി സമയം പ്രതികരിച്ചു..!
മോദിയുടെ അതേ ശൈലി ഭക്തർ അനുപമയ്ക്ക് എതിരെയും ഉപയോഗിക്കുന്നു ..!