archana-kavi

തോപ്പുംപടി പാലത്തിൽ ഗതാഗതം തടസപ്പെടുത്തി നടിയും വ്ലോഗറുമായ അർച്ചന കവി നടത്തിയ ഫോട്ടോഷൂട്ട് വലിയ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സംഭവം വിമർശനങ്ങൾക്ക് വഴി തുറന്നതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് വിശദീകരിച്ച് താരം തന്നെ രംഗത്തത്തിയിരിക്കുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം യാഥാർത്ഥ്യം തുറന്നുപറഞ്ഞത്.

''ഒരു തമാശക്കാരന്റെ ഭാര്യയാണു ഞാൻ. ആ തലക്കെട്ടു കൊണ്ട് ഉദ്ദേശിച്ചതും തമാശയാണ്. യഥാർത്ഥത്തിൽ അതിൽ പറയുന്നത് പോലെ സംഭവിച്ചിട്ടില്ല. പുലർച്ചെ ആറു മണിക്കായിരുന്നു ഷൂട്ടിംഗ്. സെക്കന്റുകൾ മാത്രമേ ആ പാലത്തിൽ ചെലവഴിച്ചിട്ടുള്ളൂ. ആ പാലവുമായി ബന്ധപ്പെട്ട് കുറച്ച് നല്ല ഓർമ്മകൾ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം തോന്നിയത്'' താരം വ്യക്തമാക്കി.

''വർഷങ്ങൾക്ക് മുൻപ് കപ്പലുകൾ പോകുന്നതിന് വേണ്ടി പാലം തുറന്നു കൊടുത്തതെല്ലാം ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ചരിത്രത്തിൽ തന്നെ ഇടം നേടിയ ഭംഗിയുള്ള ആ പാലമൊക്ക ഇനിയെന്ന് കാണാനാകും എന്ന തോന്നലാണ് ഫോട്ടോ എടുക്കാൻ കാരണം. ആ പാലത്തിനരികിൽ ഒരു ബസ് സ്റ്റോപ്പുണ്ട്. അവിടെ ബസ് കാത്തു നിന്നിരുന്ന ജോലിക്കാർക്കൊപ്പവും ഫോട്ടോ എടുത്തിരുന്നു.‌ പെട്ടെന്ന് തീരുകയും ചെയ്തു. നല്ല ട്രാഫിക് ഉള്ള സമയമായിരുന്നെങ്കിലും ആരും പരാതി പറഞ്ഞില്ല. ഗതാഗതം തടസപ്പെടുത്തരുത് എന്ന കാര്യമൊക്കെ എനിക്കും അറിയാം. അത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതു കൊണ്ട് തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത് എന്ന് കരുതി തന്നെയാണ് ഡെലീറ്റ് ചെയ്തത്'' - അർച്ചന പറഞ്ഞു.