രണ്ടാം വരവും വെറുതെയാകില്ലെന്ന സൂചന നൽകിയാണ് സൂപ്പർതാരം മമ്മൂട്ടിയുടെ മധുരരാജയുടെ ടീസർ പുറത്തിറങ്ങിയത്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ബോളിവുഡ് സൂപ്പർതാരം സണ്ണിലിയോണിന്റെ സാന്നിധ്യവും ചർച്ചയായി. എന്നാൽ ചിത്രത്തിന്റെ വിശേഷങ്ങൾ പറയാനായി വിളിച്ച വാർത്താ സമ്മേളനത്തിൽ മമ്മൂട്ടിയും നിർമാതാവും തമ്മിൽ നടന്ന സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിന്റെ ചെലവ് എത്രയാണെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ നിർമാതാവ് മമ്മൂട്ടിയോട് ഒരു മുപ്പത് പറയട്ടേ എന്ന് ചോദിച്ചു. അതിന് മമ്മൂട്ടി പറഞ്ഞ മറുപടി 'ഇങ്ങനെ വേണ്ട, ഉള്ളത് പറഞ്ഞാൽ മതി എന്നാലേ അവർ വിശ്വസിക്കൂ'. സിനിമയുടെ എല്ലാ പ്രൊഡക്ഷൻ ജോലിയും കഴിഞ്ഞപ്പോൾ 27 കോടി രൂപ ചെലവായെന്നും നിർമാതാവ് നെൽസൺ ഐപ് പറഞ്ഞു. ഇത് തള്ളല്ല, സത്യമാണെന്നും ഐപ് വ്യക്തമാക്കി.
വീഡിയോ കാണാം...
അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് മധുരരാജയിലെ നായികമാർ. നെടുമുടി വേണു, സലിംകുമാർ, നരേയ്ൻ, രമേഷ് പിഷാരടി, അജു വർഗീസ്, വിജയരാഘവൻ, ബൈജു ജോൺസൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഏപ്രിൽ 12നാണ് മധുരരാജ തീയേറ്ററുകളിലെത്തുന്നത്.