പേരു പോലെ തന്നെ വ്യത്യസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്നാറിൽ പോകും വഴി മൂവാറ്റുപുഴയും തൊടുപുഴയും കഴിഞ്ഞാണ് ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള വഴി. മൂലമറ്റം എത്താറാകുമ്പോൾ സെന്റ് ജോസഫ് കോളേജിനു സമീപം വലത്തേക്കു തിരിഞ്ഞാണ് ഇലവീഴാപ്പൂഞ്ചിറയിലേക്കു പോകേണ്ടത്. പന്ത്രണ്ട് കിലോമീറ്റർ ഹെയർപിൻ വളവുകളുള്ള ഈ വഴി കുത്തനെയുള്ള കയറ്റമാണ്. ഇലവീഴാപ്പൂഞ്ചിറയുടെ പ്രകൃതിഭംഗി ആരെയും മനം കുളിർപ്പിക്കും.
മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര കുന്നിൻ പ്രദേശമാണ് ഇത്, സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. മാൻകുന്ന്, കൊടിയത്തൂർ മല, തോണിപ്പാറ ഈ മൂന്നു മലകൾ വിരിക്കുന്ന സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. പൂഞ്ചിറയിൽ എത്തിയാൽ ആദ്യം കാണുന്ന കാഴ്ച നീലാകാശത്തു തൊട്ടു നിൽക്കുന്ന മനോഹരമായ പുൽമേടാണ്. ഒരു മരം പോലും ഇല്ലാത്തതുകൊണ്ടാണ് ഈ സ്ഥലത്തിന് ഇലവീഴാപ്പൂഞ്ചിറയെന്ന് പേരുവന്നത്. അതിശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്. കുന്നിൻ മുകളിൽ പഴയ തീവണ്ടി ബോഗികൊണ്ട് സ്ഥാപിച്ച ഒരു വയർലെസ് സ്റ്റേഷൻ ഉണ്ട്. ഇവിടുത്തെ കാറ്റിനോട് മത്സരിച്ചു ഇവിടെ നിലനിക്കാൻ ഈ ബോഗിക്കേ കഴിയൂ.
കേരളത്തിൽ പനയിൽ നിന്നും കള്ളെടുക്കുന്ന ഒരു പ്രധാന സ്ഥലം ഇതാണ്. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലം നവംബർ - മാർച്ച് മാസങ്ങളാണ്. ചുറ്റും നോക്കിയാൽ നാല് ജില്ലാ തലസ്ഥാനങ്ങൾ കാണാം. ഒപ്പം ഇടുക്കിയിലെ ഡാമുകളും. പന്ത്രണ്ടു കിലോമീറ്ററിനുള്ളിൽ അനവധി വെള്ളച്ചാട്ടങ്ങൾ. കുളിരുള്ള തെളിഞ്ഞ വെള്ളം. കുന്നിന്റെ നെറുകയിലെത്തുമ്പോൾ ഏകദേശം ഒന്നര കിലോമീറ്റർ മുൻപ് കാർ നിർത്തി നടക്കണം. ഇവിടെ നിന്നും മുകളിലേക്കെത്താൻ ജീപ്പ് കിട്ടും. നീണ്ടുകിടക്കുന്ന പുൽമേടുകളിൽ എത്ര വേണമെങ്കിലും അലഞ്ഞുനടക്കാം.