election-2019

മുംബയ്: നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയാ ദത്ത് വരുമ്പോൾ ജ്യേഷ്‌ഠൻ സഞ്ജയ് ദത്ത് കൂടെയില്ലാതിരിക്കുമോ? അത് മാദ്ധ്യമ പ്രവർത്തകരും പ്രതീക്ഷിച്ചതു തന്നെ. ചോദിച്ചപ്പോൾ സഞ്ജയ് പറയുകയും ചെയ്തു: ഞാൻ എപ്പോഴും പ്രിയയ്‌ക്കൊപ്പമുണ്ടാകും.

സിറ്റിംഗ് എം.പി പൂനം മഹാജൻ ആണ് പ്രിയയ്‌ക്ക് എതിരെ ബി.ജെ.പി സ്ഥാനാർത്ഥി. 2009-ൽ മണ്ഡലം പിടിച്ച പ്രിയയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1.86 ലക്ഷം വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയ പൂനം ഇത്തവണയും രണ്ടും കല്‌പിച്ചുതന്നെ.

എന്തായാലും, സിദ്ധി വിനായക ക്ഷേത്രത്തിലും ക്രിസ്‌ത്യൻ പള്ളിയിലും ദർഗയിലും പ്രാർത്ഥനയ്‌ക്കു ശേഷമാണ് പ്രിയ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജനുവരിയിൽത്തന്നെ പ്രിയ പ്രഖ്യാപിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിക്കു നിർബന്ധം- മുംബയ് നോർത്ത് വെസ്റ്റിൽ പ്രിയ തന്നെ വേണം.

സഞ്ജയ് ദത്ത് ഈ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ പറഞ്ഞുകേട്ടിരുന്നതാണ്. അതൊക്കെ കിംവദന്തികൾ മാത്രമെന്ന് ദത്ത് അന്നുതന്നെ മറുപടി നൽകുകയും ചെയ്‌തു. പക്ഷേ, അനുജത്തി പറഞ്ഞാൽ സഞ്ജു മത്സരിക്കും. "പ്രിയ ഉത്തരവിട്ടാൽ ഞാൻ മത്സരരംഗത്തുണ്ടാകും!." മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയായിരുന്നു സഞ്ജുവിന്റെ മറുപടി.