x71

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫോൺ ഏതാണെന്ന് ചോദിച്ചാൽ നോക്കിയ എന്നായിരിക്കും ഉത്തരം കിട്ടുക. അതിന് ശേഷം മാത്രമേ ബാക്കി ഏത് ഫോണിന്റെ പേരും പറയാറുള്ളൂ. ഇടക്കാലത്ത് വച്ച് അല്പം പിന്നിലേക്ക് പോയെങ്കിലും അതിശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് നോക്കിയ.

തങ്ങളുടെ പുത്തൻ സ്മാർട്ട് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് നോക്കിയയുടെ നിർമാതാക്കളായ എച്ച്.എം.ഡി ഗ്ലോബൽ.നോക്കിയ എക്സ് 71 എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മോഡലാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. 48മെഗാപിക്സൽ ക്യാമറ തന്നെയാണ് എക്സ് 71ന്റെ ഏറ്റവും വലിയ പ്രത്യേകത.

nokia

6.4ഇഞ്ച് ഫുൾ എച്ച്.ഡി പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2316X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷൻ. 1:1400 കോണ്ട്രാസ്റ്റ് റേഷ്യോയും 500നിറ്റ് ബ്രൈറ്റ്‌നസും ഫോണിനുണ്ട്. 96 ശതമാനമാണ് NTSC കളർഗാമട്ട്.

48മെഗാപിക്സൽ ക്യാമറക്ക് 8 മെഗാപിക്‌സലിന്റെ വൈഡ് ആംഗിൾ ലെൻസ് 120ഡിഗ്രി ഫോക്കസ് നൽകുന്നു. 16മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട് എക്സ് 71ന്. കാൾസീസ് ലെൻസുകളാണ് കാമറയ്ക്ക് മിഴിവേകുന്നത്.

6ജി.ബി മെമ്മറി ശേഷിയുള്ള ഫോണിൽ 128‌ജി.ബിയുടെ ഇന്റേണൽ മെമ്മറിയുണ്ട്. കൂടാതെ എസ്.ഡി കാർഡ് ഉപയോഗിച്ച് 256ജി.ബി വരെ സ്റ്റോ‌റേജ് കപ്പാസിറ്റി ഉയർത്താനും സാധിക്കും. 2.2GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 660 പ്രൊസസർ ഫോണിനു കരുത്തേകുന്നുണ്ട്.

nokia

ആൻഡ്രോയിഡ് പൈ ഉപയോഗിച്ചാണ് നോക്കിയ എക്സ് 71 പ്രവർത്തിക്കുന്നത്. ഇതൊരു ഡ്യൂവൽ സിം ഫോണാണിതെന്ന് കമ്പനി വ്യക്തമാക്കുന്നു. 3,500mAh ബാറ്ററിയാണ് കരുത്തേകുന്നത്. കൂട്ടിന് 18വാട്ടിന്റെ അതിവേഗ ചാർജിംഗ് സംവിധാനവുമുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം, 4ജി വോൾട്ട്, വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് 5.0, 3.5 എം.എം ജാക്ക്, യു.എസ്.ബി ടൈപ്പ് സി പോർട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്. 180 ഗ്രാമാണ് ഫോണിന്റെ ഭാരം. കറുത്ത നിറത്തിൽ മാത്രമാണ് ഫോണുകൾ പുറത്തിറക്കുന്നത്.

നിലവിൽ ഫോൺ തായ്‌ലന്റിൽ മാത്രമാണ് ലഭിക്കുക. എന്നാൽ ഫോൺ എന്നാണ് ഇന്ത്യയിലേക്ക് വരികയെന്നോ ഇതിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങളോ ലഭ്യമല്ല. അതേസമയം ഫോണിന് 30,​000ൽ താഴെയായിരിക്കും വില എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.