police

കൊല്ലം: ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവ് ഉൾപ്പെട്ട സംഘം മർദ്ദിച്ച പൊലീസുകാർക്ക് സ്ഥലമാറ്റം. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ കൊട്ടാരക്കര മൊബൈൽ കൺട്രോൾ റൂം യൂണിറ്റിലെ സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്.ഹരീഷ്, എസ്.സുജിത് എന്നിവരെയാണു സ്ഥലം മാറ്റിയത്. മർദനത്തിരയായ പൊലീസുകാർക്കു വെൽഫെയർ ഫണ്ടിൽ നിന്നുള്ള അടിയന്തര ചികിത്സാ തുക നിഷേധിച്ചതായും പരാതിയുണ്ട്.

ഹരീഷിനെ പുത്തൂരിലേക്കും സുജിത്തിനെ കരുനാഗപ്പള്ളിയിലേക്കും മാറ്റി. കേസിൽ റിമാൻഡിലായിരുന്ന നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഇപ്പോഴും സംഘടനയിൽ തുടരുകയാണ്. ഡി.വൈ.എഫ്,.ഐ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ഇരുവരും തയാറാകാത്തതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം. പൊലീസ് ഉദ്യോഗസ്ഥർ പരിക്കേറ്റ് ആശുപത്രിയിലായാൽ അടിയന്തര സഹായമായി വെൽഫെയർ ഫണ്ടിൽ നിന്നു 5000 രൂപ അനുവദിക്കാറുണ്ട്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇരുവർക്കും ഒരു രൂപ പോലും നൽകിയിട്ടില്ല.