പിലിഭിത്ത് : നരേന്ദ്ര മോദിയെ പ്രശംസിച്ചും സ്വന്തം കുടുംബത്തിൽ നിന്നു വന്ന പ്രധാനമന്ത്രിമാരെ വിമർശിച്ചും ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. തന്റെ കുടുംബത്തിലെ ചിലർ പ്രധാനമന്ത്രിമാരായെങ്കിലും മോദി ഇന്ത്യയ്‌ക്കു നൽകിയ അന്തസും അഭിമാനവും മറ്റാരും നൽകിയിട്ടില്ലെന്ന് വരുൺ പറഞ്ഞു. പിലിഭിത്തിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു വരുൺ.
മോദി രാജ്യത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. രാജ്യത്തിനായിത്തന്നെ മരിക്കുകയും ചെയ്യും. രാജ്യത്തെക്കുറിച്ചു മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. വാജ്‌പേയി സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ്, എന്നാൽ ദാരിദ്ര്യത്തിന്റെ ക്രൂരമുഖം കണ്ടിട്ടില്ല. മോദി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച കുടുംബത്തിലാണ് ജനിച്ചത്. അഞ്ചു വർഷത്തിനിടെ ഒറ്റ അഴിമതിയും അദ്ദേഹത്തിന്റെ പേരിൽ വന്നിട്ടില്ല. കുടുംബം പോലുമില്ലാത്ത അദ്ദേഹം ആർക്കു വേണ്ടി അഴിമതി നടത്താനാണെന്നും വരുൺ ചോദിച്ചു.