പിന്നിട്ടവഴികളിലെല്ലാം കെ.എം. മാണിയുടേതായി നീളൻ റെക്കോർഡുകൾ ഉയർന്നുനിൽക്കുമ്പോൾ അതിനെല്ലാം വെള്ളവും വളവുമായി പിന്തുണച്ചൊരാളുണ്ട് കുട്ടിയമ്മ. കെ.എം.മാണിയുടെ വാക്കുകളിൽ പറഞ്ഞാൽ 'കുട്ടിയമ്മയുടെ കരംകവർന്നതിന് ശേഷമാണ് ഇക്കണ്ട നേട്ടങ്ങളൊക്കെ ഉണ്ടായത്.

ആറുപത് വർഷം മുൻപുള്ളവെള്ളിയാഴ്ചയാണ് കെ.എം.മാണിക്ക് വേണ്ടി അച്ഛൻ കരിങ്കൊഴയ്ക്കൽ മാണി പൊൻകുന്നത്തെ കൂട്ടുങ്കൽ വീട്ടിൽ പെണ്ണുകാണാൻ പോയത്. ചായയുമായുള്ള വരവ് പ്രതീക്ഷിച്ചെങ്കിലും മുന്നിലെത്തിയത് ഒക്കത്തൊരു കുഞ്ഞുമായി. കുഞ്ഞാങ്ങളെയെ മാറോടണച്ചെത്തിയ കുട്ടിയമ്മ വീട്ടുകാര്യം നോക്കാൻ മിടുക്കിയാകുമെന്ന് അന്നേ അദ്ദേഹം പ്രവചിച്ചു. 1957 നവംബർ 28ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിമ്മയുടെ കഴുത്തിൽ മിന്നുകെട്ടി അറുപത് വർഷം പിന്നിടുമ്പോഴും ആ ദീർഘ വീക്ഷണത്തിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.


''ഞാൻ ഒരിക്കൽ പോലും കുടുംബം നോക്കിയിട്ടില്ല, മക്കളെ വളർത്തിയിട്ടില്ല, പറമ്പും കൃഷിയും പരിപാലിച്ചിട്ടില്ല. എല്ലാം കുട്ടിമ്മയെ ഏൽപ്പിച്ചു. അവളത് ഭംഗിയായി ചെയ്തു.''-ജീവിതത്തിൽ കുട്ടിയമ്മയ്ക്ക് എ പ്ളസ് ഗ്രേഡാണ് മാണി കൊടുക്കുന്നത്.


രാഷ്ട്രീയത്തിൽ കുട്ടിയമ്മയാണ് വിമർശകയെന്നാണ് കെ.എം.മാണി പറയുന്നത്. പി.ടി ചാക്കോയുടെ ബന്ധുവായ കുട്ടിയമ്മയ്ക്ക് രാഷ്ട്രീയം അന്യമല്ല. അതുകൊണ്ട് തന്നെ മാണിയുടെ തിരക്കുകളോട് ഒരിക്കലും പരിതപിച്ചിട്ടുമില്ല. പക്ഷേ വിമർശിച്ചിട്ടുണ്ട്. മാണിയുടെ പ്രസംഗങ്ങൾ റേഡിയോയിലൂടെ കേട്ട് കുട്ടിയമ്മ അന്നത്തെ വകയ്ക്കുള്ളത് മനസിൽ കണ്ടിട്ടുണ്ടാവും. പാർട്ടി പരിപാടി കഴിഞ്ഞ് വീട്ടിലെത്തി അത്താഴം വിളമ്പുമ്പോൾ മുഖത്ത് നോക്കി കുട്ടിയമ്മ പറയും ഇന്ന് അച്ചായൻ അങ്ങനെ പ്രസംഗിക്കേണ്ടിയിരുന്നില്ലെന്ന്. പറഞ്ഞത് ശരിയാണെന്ന് മാണിയും സമ്മതിക്കും. സ്നേഹിച്ച് സ്നേഹിച്ച് മാണിയുയെ നിഴലായി എന്നും കുട്ടിമ്മയുണ്ട്. ഒരു തണ്ടിലെ വാടാത്ത രണ്ടില പോലെ!