മാനന്തവാടി : തനിക്കെതിരെ എന്തെല്ലാം പറഞ്ഞാലും സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് സഹിഷ്ണുത കൊണ്ടാണെന്നും മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മാനന്തവാടിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും പാരമ്പര്യം സഹിഷ്ണുതയാണ്.
മതേതര സർക്കാരിനായി ദേശീയതലത്തിൽ ഒന്നിക്കുമ്പോൾ ഇടതു പാർട്ടികൾക്ക് മാറി നിൽക്കാനാകില്ല. ചില സംസ്ഥാനങ്ങളിൽ പ്രാദേശിക എതിർകക്ഷികൾ ഉണ്ടാകാം. കേരളത്തിൽ സി.പി.എമ്മിനോടു തന്നെയാണ് മത്സരം. കോൺഗ്രസ് വിശ്വാസികളോടൊപ്പമാണെങ്കിലും ശബരിമല വിഷയത്തിന്റെ പേരിൽ വോട്ടു ചോദിക്കില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയം നിയമപരമായി പരിഹരിക്കും. അമേതിയും വയനാടും ജയിച്ചാൽ ഏതു സീറ്റ് നിലനിറുത്തണമെന്ന് രാഹുൽ തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.