പനജി: ന്യൂനപക്ഷ സമുദായാംഗങ്ങളുടെ വോട്ട് ബി.ജെ.പിക്കാണെന്ന അത്മവിശ്വാസത്തിലുറച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള നരേന്ദ്ര മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നല്ല നിശ്ചയമുണ്ടെന്ന് സാവന്ത് പറഞ്ഞു.
ന്യൂനപക്ഷ വോട്ടർമാർ വിദ്യാഭ്യാസമുള്ളവരാണ്, അവർ ദേശീയ പത്രങ്ങൾ വായിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യും. അതുകൊണ്ടുതന്നെ മോദി സർക്കാർ കൊണ്ടുവന്ന വികസനത്തെക്കുറിച്ച് അവർക്ക് ഉത്തമ ബോധ്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിനായുള്ളതാണ്. അതിന് പ്രത്യേക ജാതി- മത വിഭാഗങ്ങൾക്കായി പരിമിതി ഏർപ്പെടുത്തരുതെന്നും സാവന്ത് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടി, ഇൻഡിപ്പെൻഡൻസ് എന്നിവരും ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് സാവന്ത് പറഞ്ഞു.