kadakampally-surendran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ എൽ.ഡി.എഫിന് വോട്ടുചെയ്യണമെന്നും ഇല്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്നും പറഞ്ഞ മന്ത്രി കടകംപള്ളിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ദേവസ്വം മന്ത്രി ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും താക്കീത് നൽകി. ഇനി ഇത്തരം ആലോപണങ്ങൾ ഉയർന്നാൽ കമ്മിഷൻ ശക്തമായ നടപടിയെടുക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കണ്ണൂരിലെ വെള്ളാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ മന്ത്രി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. കടകംപള്ളിയുടെ വാക്കുകൾ ഇങ്ങനെ: 'ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും അതിൽ ഒരു സംശയവും വേണ്ട. 600 രൂപ 1200 രൂപയാക്കി പെൻഷൻ വീട്ടിൽ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കണമെന്ന് നിങ്ങൾ പറയണം. പെൻഷൻ വാങ്ങിയിട്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ടുകൊണ്ട് മുകളിൽ ഒരാൾ ഉണ്ടെന്നും തീർച്ചയായും ചോദിച്ചിരിക്കുമെന്നും നമുക്ക് പറയാൻ സാധിക്കണം. നമ്മൾ പറഞ്ഞില്ലെങ്കിൽ ബി.ജെ.പിക്കാരും കോൺഗ്രസുകാരും മറ്റെന്തെങ്കിലും പറഞ്ഞ് പാവങ്ങളെ പറ്റിക്കും.