ലണ്ടൻ: ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ സമർപ്പിച്ച ഹർജി ലണ്ടൻ ഹൈക്കോടതി തള്ളി. മല്യയ്ക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. ഇതിനായി ആറാഴ്ചത്തെ സമയം അനുവദിച്ചു. എന്നാൽ, മല്യയെ തിരികെ അയയ്ക്കണമെന്ന ഉത്തരവിൽ ഇനിയൊരു മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവിട്ടത്. തുടർന്ന് മല്യയെ വിട്ടുനൽകുന്നതിന് ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് മല്യയുടെ അഭിഭാഷകർ ഹർജിയുമായി ലണ്ടനിലെ കോടതിയെ സമീപിച്ചത്.
ഇന്ത്യൻ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത 9000 കോടിക്ക് പകരം തന്റെ പേരിലുള്ള പതിനാലായിരം കോടി രൂപയിലധികം മൂല്യമുളള വസ്തുവകകൾ കണ്ടുക്കെട്ടിയെന്നും അതിനാൽ, സാമ്പത്തിക കുറ്റവാളിയാണെന്ന ഇന്ത്യയുടെ വാദം നിലനിൽക്കില്ലെന്നും മല്യ ലണ്ടൻ കോടതിയെ അറിയിച്ചെങ്കിലും വസ്തുവകകൾ കണ്ടുക്കെട്ടിയതുകൊണ്ട് കുറ്റകൃത്യം ഇല്ലാതാകുന്നില്ലെന്ന് ലണ്ടൻ ഹൈക്കോടതി നിരീക്ഷിച്ചു. മല്യയുടെ വാദങ്ങൾ പൂർണമായും കോടതി തള്ളി.
കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്റ്, നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സി.ബി.ഐയും എൻഫോഴ്സ്മെന്റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ വെസ്റ്റ് മിനിസ്റ്റർ കോടതി ഉത്തരവിട്ടത്.
ഇന്ത്യയ്ക്ക് ആശ്വാസം, കേന്ദ്രത്തിന്?
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടിക്കിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ആദ്യവ്യക്തിയാണ് വിജയ് മല്യ.ഇയാളെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യൻ നീക്കങ്ങൾക്ക് ലണ്ടൻ കോടതി ഉത്തരവ് ഊർജംപകരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, അപ്പീൽ നൽകാൻ ആറാഴ്ചത്തെ സമയം, അനുവദിച്ചത്, മല്യയെ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെത്തിച്ച്, അത് തിരഞ്ഞെടുപ്പിന് അനുകൂലമാക്കാം എന്നുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് തടസമായെന്നാണ് റിപ്പോർട്ടുകൾ.