shibu

കൊല്ലം ബി.ജെ.പി സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായ മസാല ബോണ്ട് ഇടപാടിന് സംസ്ഥാന സർക്കാർ തയ്യാറായതിലൂടെ വ്യക്തമാകുന്നത് സി.പി.എമ്മിന്റെ നയവ്യതിയാനമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കാൻ സി.പി.എമ്മിന് ഇനി അവകാശമില്ല. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളാണ് സി.പി.എം ഇപ്പോൾ പിന്തുടരുന്നത്. ഒരുമിച്ചുള്ള ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് തടസം കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെന്നായിരുന്നു സി.പി.എം പറഞ്ഞിരുന്നത്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബദൽ എന്ന നിലയിലായിരുന്നു മാർക്‌സ് പുത്തൻ ആശയങ്ങൾ അവതരിപ്പിച്ചത്. മാർക്സിന്റെ പിൻതുടർച്ചക്കാരെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണം സ്വീകരിച്ച് അവിടേക്ക് പോകാൻ ഒരുങ്ങുകയാണ്. മസാല ബോണ്ട് സ്വീകരിക്കുന്ന സി.ഡി.പി.ക്യു കമ്പനിക്ക് ലാവ്‌ലിൻ കമ്പനിയുമായി ബന്ധമില്ലെന്നായിരുന്നു സി.പി.എമ്മിന്റെ ആദ്യ നിലപാട്. ജനങ്ങൾക്ക് യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടപ്പോൾ നിലപാട് തിരുത്തി അതിനെ ന്യായീകരിക്കുകയാണിപ്പോൾ.

മസാല ബോണ്ട് വിഷയത്തിൽ സി.പി.എമ്മിന്റെ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചതായും ഷിബു ബേബിജോൺ പറഞ്ഞു.