election-2019

പത്തനംതിട്ട: കേരളത്തിൽ ബി.ജെ.പിക്ക് ചന്ദനം തൊടാൻ പോലും സീറ്റു കിട്ടില്ലെന്ന് സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രസ് ക്ളബിൽ,​ ജനവിധി 2019- മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കില്ല. വിഷയം നിലനിന്നപ്പോൾ ജില്ലയിൽ നടന്ന രണ്ട് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടിയില്ല. കോൺഗ്രസ് വഞ്ചിച്ചെന്നു പറയാൻ സി.പി.ഐയും അവരുമായി പ്രേമബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും കാനം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാൻ മോദിസർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റണം.
എൻ.ഡി.എ അധികാരത്തിലിരുന്നപ്പോൾ ഭരണഘടനയ്‌ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടന്നത്. ഇന്ത്യയുടെ
സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കി. ഭരണനിലപാടുകൾ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമം.
കോൺഗ്രസ് ശ്രമിക്കുന്നത് പ്രതിപക്ഷ ഐക്യം തകർക്കാനാണ്. ആരെയാണ് എതിർക്കേണ്ടതെന്ന് കോൺഗ്രസിന് അറിയില്ല. പൊട്ടിയ പട്ടം പോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നുപെട്ടതെന്നും കാനം പരിഹസിച്ചു.