തൃശൂർ : തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് എൻ.ഡി.എ സ്ഥാനാത്ഥിയും നടനുമായ സുരേഷ് ഗോപി ജില്ലാ കളക്ടർ ടി.വി.അനുപമയ്ക്ക് വിശദീകരണം നൽകി. ശബരിമല ക്ഷേത്രം, അയ്യപ്പൻ എന്നീ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി നൽകിയ മറുപടിയിൽ പറയുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തരുത് എന്നാണ്. അത്തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു സ്ഥലപ്പേര് മാത്രമാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.
വിശദമായ മറുപടി നൽകാനായി സി.ഡി പരിശോധിക്കണം. നിയമവിദഗ്ദ്ധരുടെ സഹായത്തോടെ മറുപടി നൽകാൻ കൂടുതൽ സമയം നൽകണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് തൃശൂർ കളക്ടർ ടി വി അനുപമ നോട്ടീസ് അയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു.
48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നായിരുന്നു ഏപ്രിൽ 6-ന് ജില്ലാ കലക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. വിശദീകരണം തുടർ നടപടിക്കു വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ജില്ലാ കലക്ടർ കൈമാറി. തുടർ നടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തീരുമാനിക്കും