innocent

ചാലക്കുടി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി നടനും ചാലക്കുടിയിലെ സി.പി.എം സ്ഥാനാർത്ഥിയമായ ഇന്നസെന്റ്. സങ്കൽപ്പ് പത്രം എന്ന പേരിൽ ഇന്ന് രാവിലെയാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. 75 വാഗ്ദാനങ്ങളാണ് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മോഹൻലാൽ നായകനായ കിലുക്കം എന്ന സിനിമയിൽ ഇന്നസെന്റ് തന്നെ അഭിനയിച്ച്‌ അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച്‌ ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ബി.ജെ.പിയെ ട്രോളിയത്. ബി.ജെ.പിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി 'വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും'എന്ന കുറിപ്പോടെയായിരുന്നു ഇന്നസെന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മുമ്പ് കാവൽക്കാർ കള്ളനാണ് എന്ന തരത്തിൽ പ്രധാനമന്ത്രിക്കെതിരെ ഇന്നസെന്റ് ട്രോളുമായി രംഗത്തെത്തിയിരുന്നു. അന്നും ഇന്നെസെന്റിന്റെ കഥാപാത്രം ഉപയോഗിച്ചാണ് ട്രോൾ ഉണ്ടാക്കിയിരുന്നത്. ഇന്നസെന്റിന് ട്രോളുണ്ടാക്കാൻ ആരുടെയും മീമിന്റെ ആവശ്യമില്ലെന്ന് കമന്റിൽ ആരാധകർ കുറിക്കുന്നു. ട്രോൾ സെെബർ സഖാക്കൾ ഏറ്റുപിടിച്ചിട്ടുണ്ട്.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം നൽകുമെന്നും,​ ആചാര സംരക്ഷണം ഉറപ്പാക്കുമെന്നും ബി.ജെ.പിയുടെ പത്രികയിൽ വ്യക്തമാക്കുന്നു. സങ്കൽപ്പ് പത്രം എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.