thushar-vellappally

കൽപ്പറ്റ: വയനാടിനെ മാതൃകാ മണ്ഡലമാക്കി മാറ്റുമെന്നും ദേശീയ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിമിത്തമാവും ഇക്കുറി വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടക്കുകയെന്നും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പ്രസ്ഥാവനയിൽ പറഞ്ഞു.

വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് അതിർത്തിക്കപ്പുറത്ത് ഒരേ മുന്നണിക്കാരായി നിന്ന് വോട്ടു ചോദിക്കുന്നവർ വയനാട്ടിൽ പരസ്പരം ഏറ്റുമുട്ടുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ഈ രാഷ്ട്രീയ പൊള്ളത്തരമാണ് ജനങ്ങളുടെ മുന്നിൽ ഉന്നയിക്കുന്നതെന്നും തുഷാർ പറഞ്ഞു.

ആധുനിക ഇന്ത്യയുടെ ഉയർത്തെഴുന്നേല്പിന് നേതൃത്വം നൽകുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളും ഭരണനൈപുണ്യവും മലയാളമണ്ണിൽ എത്തിക്കുക എന്ന ദൗത്യത്തിന് ശക്തി പകരുകയാണ് തന്റെ ലക്ഷ്യം. ഇടതു വലതുമുന്നണികളുടെ വികല രാഷ്ട്രീയനയങ്ങൾ ശിഥിലമാക്കിയ നാടാണ് വയനാട്. ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികൾ ഒന്നു പോലും ഇവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ ജില്ലാ ആസ്പിരേഷണൽ പദ്ധതിക്കായി രാജ്യത്ത് തിരഞ്ഞെടുത്ത 115 പിന്നാക്ക ജില്ലകളിലൊന്ന് വയനാടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, ദാരിദ്ര്യലഘൂകരണം തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനത്തിന് പരിധിയില്ലാത്ത സാമ്പത്തികസഹായം നൽകുന്ന ഈ പദ്ധതി വയനാടിന്റെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകേണ്ടതായിരുന്നു. എന്നാൽ കേവല രാഷ്ട്രീയത്തിന്റെ പേരിൽ ഈ പദ്ധതിയിൽ താത്പര്യമില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ച് അത് നഷ്ടപ്പെടുത്തി കേരള സർക്കാർ. ജനങ്ങളോട് ചേർന്ന് നിന്ന് ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാവുന്ന ഒരു മണ്ഡലമായി വയനാടിനെ മാറ്റും എന്നും തുഷാർ പറഞ്ഞു.